ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ

ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവ് ശിക്ഷ. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ആറ് മാസം തടവാണ് ചെന്നൈ എഗ്‌മോര്‍ കോടതി ഉത്തരവിട്ടത്. ഹിന്ദി തെലുങ്ക് ചിത്രങ്ങളില്‍ ഒരുകാലത്ത് തിളങ്ങിനിന്ന താരമായിരുന്നു ജയപ്രദ. മികച്ച നടിക്കുള്ള നിരവധി അവാര്‍ഡുകളും ജയപ്രദ സ്വന്തമാക്കിയിട്ടുണ്ട്. മലയാള ചിത്രങ്ങളായ ദേവദൂതനിലും പ്രണയത്തിലും താരം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ മാത്രംമതി ജയപ്രദയെ മലയാളികള്‍ക്കറിയാന്‍. മലയാളത്തില്‍ ജയപ്രദ അവസാനം വേഷമിട്ടത് കിണര്‍ എന്ന ചിത്രത്തിലാണ്. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടിയുടെ രാഷ്ട്രീയ രംഗപ്രവേശം. 1994ല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നടി ഭാഗമായിരുന്നു. പിന്നീട് സമാജ്‌വാദ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്നും ലോക്‌സഭയിലേക്ക് എത്തുന്നത്. ശേഷം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയപ്രദയെ പുറത്താക്കുകയും സമാജ്‌വാദ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്റെ രാഷ്ട്രീയ ലോക് മഞ്ചില്‍ ചേര്‍നനില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അവിടെയും ജയപ്രദയ്ക്ക് പരാജയം സംഭവിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ അമര്‍ സിംഗിനൊപ്പം ജയപ്രദ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്‌സഭയില്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. പിന്നീട് 2019 ല്‍ നടി ബിജെപിയില്‍ ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *