പി ജയരാജനാണോ സിപിഎമ്മേ നിങ്ങളുടെ പ്രശ്നം?

    പാർലമെൻ്ററി ചുമതലയും സംഘടനാ ചുമതലയും ഒരാൾ തന്നെ വഹിക്കുന്നത് എന്നും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് സിപിഎം. എന്നിട്ടും പാർട്ടി സെക്രട്ടറി തന്നെ ഇരട്ട പദവിയിൽ ഇരിക്കുന്നത് എന്തുകൊണ്ട്? താത്ത്വിക കാർക്കശ്യം സ്വന്തം കാര്യത്തിൽ എം വി ഗോവിന്ദൻ പാലിക്കാത്തതിനു പിന്നിൽ കണ്ണൂർ സിപിഎമ്മിലെ ചേരിപ്പോരോ?

എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയാകുമ്പോഴും എംഎൽഎ സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടാണ്. പാർലമെന്ററി ചുമതലയും സംഘടനാ ചുമതലയും ഒരാൾ ഒന്നിച്ചു വഹിക്കുന്നത് സിപിഎം നയമല്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച ജില്ല സെക്രട്ടറിമാർ എംഎൽഎമാർ ആയപ്പോൾ സ്ഥാനമൊഴിഞ്ഞതാണ് വഴക്കം. നിലവിലെ രാഷ്ട്രീയ സാഹചര്യം ഒരു ഉപതെരഞ്ഞെടുപ്പിന് അനുകൂലമല്ലെന്ന വിലയിരുത്തലാണ് ഇപ്പോൾ നിലപാട് മാറ്റത്തിനു കാരണം.

മട്ടന്നൂരിൽ അടുത്തിടെ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ യുഡിഎഫിലേക്ക് മടങ്ങിയെത്തി. പോരാത്തതിന് കണ്ണൂർ പാർട്ടിയിൽ ചില പ്രശ്നങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയാൽ യുഡിഎഫ് കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കും. എതിരാളിയെ തറപറ്റിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ സിപിഎമ്മിനും രംഗത്തിറക്കേണ്ടിവരും. കണ്ണൂർ പാർട്ടിയിലെ ശാക്തികചേരികൾ തമ്മിൽ ഒരു ബാലാബല പരീക്ഷണത്തിന് മുതിരുന്ന സാഹചര്യം സിപിഎം ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്നുവേണം കരുതാൻ.

Leave a Reply

Your email address will not be published. Required fields are marked *