സര്‍ക്കാരിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം വയറ്മുറുക്കി ഉടുക്കുന്നോ!

    ഓരോ ഫോക്കസ് ഗ്രൂപ്പുകളും വിപുലമായ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്ത് ബഡ്ജറ്റ് എസ്.സി.ഇ.ആര്‍.ടിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ തുക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എസ്.സി.ഇ.ആര്‍.ടി. പല ഫോക്കസ് ഗ്രൂപ്പുകളും ആവശ്യപ്പെട്ട ബഡ്ജറ്റിന്റെ അഞ്ചിലൊന്ന് മാത്രമാണ് അനുവദിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുമൂലം വിപുലമായ നിലയില്‍ തയ്യാറാക്കപ്പെട്ടിരുന്ന ഫോക്കസ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വഴിപാട് പോലെ നടത്തേണ്ടിവരുമെന്ന പരാതി പകുതിയോളം ഫോക്കസ് ഗ്രൂപ്പുകള്‍ക്കുമുണ്ട്.

സര്‍ക്കാരിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം
വയറ്മുറുക്കി ഉടുക്കുന്നോ! സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന സര്‍ക്കാരിന്റെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പോരെന്ന പരാതി ഉയരുന്നു. പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ ഭാഗമായി രൂപീകരിച്ച 26 ഫോക്കസ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സാമ്പത്തിക പരാധീനത മൂലം വിപുലമായ നിലയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് ആക്ഷേപം.

ഓരോ ഫോക്കസ് ഗ്രൂപ്പുകളും വിപുലമായ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്ത് ബഡ്ജറ്റ് എസ്.സി.ഇ.ആര്‍.ടിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ തുക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എസ്.സി.ഇ.ആര്‍.ടി. പല ഫോക്കസ് ഗ്രൂപ്പുകളും ആവശ്യപ്പെട്ട ബഡ്ജറ്റിന്റെ അഞ്ചിലൊന്ന് മാത്രമാണ് അനുവദിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുമൂലം വിപുലമായ നിലയില്‍ തയ്യാറാക്കപ്പെട്ടിരുന്ന ഫോക്കസ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വഴിപാട് പോലെ നടത്തേണ്ടിവരുമെന്ന പരാതി പകുതിയോളം ഫോക്കസ് ഗ്രൂപ്പുകള്‍ക്കുമുണ്ട്. വിദ്യാഭ്യാസ-സാമൂഹിക മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഫോക്കസ് ഗ്രൂപ്പുകള്‍ പക്ഷെ പരസ്യമായി പരാതിപറയാന്‍ തയ്യാറല്ല. ബഡ്ജറ്റ് വെട്ടിക്കുറച്ചത് സാമ്പത്തിക പരാധീനത മൂലമാണെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അനൗദ്യോഗികമായി പറഞ്ഞതായും സൂചനകളുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി വിപുലമായ ഫോക്കസ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയത്. 25 ഫോക്കസ് ഗ്രൂപ്പുകള്‍ എന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. പക്ഷെ 26 ഫോക്കസ് ഗ്രൂപ്പുകള്‍ക്കാണ് കേരളത്തില്‍ രൂപം നല്‍കിയത്. മറ്റു സംസ്ഥാനങ്ങള്‍ രൂപീകരിക്കാത്ത പേരന്റല്‍ എഡ്യൂക്കേഷന്‍ എന്ന വിഷയത്തിലാണ് കേരളം അധികമായി ഒരു ഫോക്കസ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാഭ്യാസത്തില്‍ രക്ഷകര്‍ത്താക്കളുടെ പങ്കാളിത്തം ഒരു പ്രധാനഘടകമായി മാറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പേരന്റല്‍ എഡ്യൂക്കേഷന്‍ കൂടി പരിഗണിച്ച് ഒരു ഫോക്കസ് ഗ്രൂപ്പിന് രൂപം നല്‍കിയത്. ഇത്തരത്തില്‍ രൂപീകരിച്ച 26 ഫോക്കസ് ഗ്രൂപ്പുകളില്‍ സാമ്പത്തികച്ചലവ് അധികമായി വേണ്ടിവരുന്ന എല്ലാ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം ചുരുക്കേണ്ടി വരും. വിപുലമായ നിലയില്‍ ആസൂത്രണം ചെയ്തിരുന്ന പരിപാടികളില്‍ നിന്നും പല ഗ്രൂപ്പുകളും പിന്നാക്കം പോയിരിക്കുകയാണ്. ഇത് പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറാക്കുന്ന നിലപാട് രേഖയുടെ ഉള്ളടക്കത്തിന്റെ നിലവാരവും വ്യാപ്തിയും പരിമിതപ്പെടുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങളുടെ രൂപകല്‍പ്പന മുതല്‍ ഉള്ളടക്കവും സ്വഭാവവും വരെ നിര്‍ണ്ണയിക്കുന്ന നിലപാട് രേഖയുടെ കാഴ്ചപ്പാട് രൂപപ്പെടുത്താനുള്ള വലിയ ദൗത്യമാണ് ഫോക്കസ് ഗ്രൂപ്പുകളില്‍ നിക്ഷിപ്തമായിരിക്കുന്നത്. സാമ്പത്തിക പരാധീനത മൂലം ഈ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പരിമിതിപ്പെടുത്തേണ്ടി വരുമെന്നാണ് ആശങ്ക. ഇത് പാഠ്യപദ്ധതി പരിഷ്‌കരണത്തെ വെറും ചടങ്ങാക്കി മാറ്റുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള 564 പാഠപുസ്തക ടൈറ്റിലുകളിലാണ് സര്‍ക്കാര്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ ആലോചിക്കുന്നത്.

എന്നാല്‍ ഇത്തരം ആശങ്കകളിലൊന്നും അടിസ്ഥാനമില്ലെന്നാണ് എസ്.സി.ഈ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജയപ്രകാശ് ആര്‍.കെ യൂടോക്കിനോട് വ്യക്തമാക്കിയത്. സാമ്പത്തികമായ ഒരു പ്രതിസന്ധിയും എസ്.സി.ഈ.ആര്‍.ടിക്ക് ഇല്ലായെന്ന് വ്യക്തമാക്കിയ ഡോ ജയപ്രകാശ്, പാഠ്യപദ്ധതി പരിഷ്‌കരണം സര്‍ക്കാര്‍ നിശ്ചയിച്ച നിലയില്‍ സുഗമമായി നടക്കുമെന്നും വ്യക്തമാക്കി. ഫോക്കസ് ഗ്രൂപ്പുകള്‍ നല്‍കിയ ബഡ്ജറ്റ് അതേപടി അംഗീകരിക്കുന്ന രീതിയില്ലെന്നും എന്നാല്‍ ആവശ്യത്തിനുള്ള തുക അനുവദിച്ചിട്ടുണ്ടെന്നും അധിക തുക ആവശ്യമുണ്ടെങ്കില്‍ നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *