ഇന്ന് ലോക തപാൽ ദിനം

    തപാൽപെട്ടി ​ഗൃഹാതുരതകളുടെ ഭണ്ഡാരമാണ്. ആ ഓർമ്മകളിലൂടെ ഒരു സഞ്ചാരം.

ഹൃദയത്തിന്റെ കടലിരമ്പവുമായി എത്തുന്ന അക്ഷരങ്ങള്‍ക്കായുള്ള ഉമ്മറപ്പടിയിലെ കാത്തിരുപ്പ്, ആ ചുവന്ന പെട്ടിയെ നോക്കിയുള്ള ദീര്‍ഘനിശ്വാസം, ഒടുവില്‍ പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ല് തേടിയെത്തുമ്പോള്‍ ആ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയതാളവും പേറിയുള്ള ധൃതിപ്പെടല്‍, ഗൃഹാതുരതയുടെ പ്രണയാര്‍ദ്ര ഓര്‍മ്മകളില്‍ ഒരു തലമുറ ചേര്‍ത്തുവയ്ക്കുന്ന പ്രിയനിമിഷങ്ങള്‍ ഇതൊക്കെയാവും.

ഇന്ന് ലോക തപാല്‍ ദിനമാണ്. അകലെ നിന്നും തേടിയെത്തിരുന്ന നീലത്താളിലെ അക്ഷരത്തുടിപ്പുകള്‍ കരുതലിന്റെ ചേര്‍ത്തുപിടിക്കലിന്റെ ശാസനയുടെ സ്‌നേഹത്തിന്റെ ആകുലതയുടെ വിരഹത്തിന്റെ പ്രണയത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മയാണ്. ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് തെട്ടറിയാന്‍ കഴിയാതെ പോകുന്ന ഒരുപാട് വൈകാരികതകള്‍ ഓരോ തപാല്‍പെട്ടിയും അവശേഷിപ്പിക്കുന്നുണ്ട്. ഇന്നും നമ്മുടെ മേല്‍വിലാസം ഒരു തപാല്‍ ഓഫീസുമായി ബന്ധപ്പെട്ടാണ്. അതുമാത്രമാണ് പുതിയ കാലത്തിന് തപാല്‍ ഓഫീസുമായുള്ള ഏക പൊക്കിള്‍ക്കൊടി ബന്ധവും. പോസ്റ്റ് കാര്‍ഡ്, ഇന്‍ലന്‍ഡ്, പോസ്ററ് കവര്‍…ഇവയെല്ലാം ഇന്ന് കൗതുക വസ്തുക്കളായിരിക്കുന്നു. വീട്ടുമുറ്റത്ത് പോസ്റ്റ് എന്നൊരു വിളി കേള്‍ക്കാനില്ല. തപാലുരുപ്പടികള്‍ എന്ന വാക്ക് പോലും ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.

സാങ്കതികവിദ്യയുടെ വികാസത്തെ തള്ളിപ്പറയേണ്ട. ഇന്ന് ഒരു നിമിഷം കൊണ്ട് നമുക്ക് ഒരു കത്തയക്കാനും സ്വീകരിക്കാനും കഴിയുന്നു. എന്നാല്‍ എഴുത്തിന്റെ ഇഴയടുപ്പം വേഗത്തിനിടയില്‍ എവിടെയൊ നഷ്ടമാകുന്നു. തപാലാപ്പീസുകളും തപാല്‍ക്കാരും വംശനാശഭീഷണിയിലാണ്. ഒരുപക്ഷെ അടുത്ത പതിറ്റാണ്ടില്‍ അങ്ങനെയൊന്ന് ഉണ്ടാവില്ല. ഇന്നും ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പോസ്റ്റ് ഓഫാസുകളുള്ള രാജ്യം – 1,55,618. 5,66,000 തൊഴിലാളികള്‍. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസും ഇന്ത്യയിലാണ് – ഹിമാചല്‍ പ്രദേശിലെ ഹിക്കിം എന്ന സ്ഥലത്ത്. 15,500 അടി ഉയരെ. സര്‍ക്കാരിന്റെ ബില്ലുകള്‍ ഇടപാടുകാര്‍ക്ക് അയക്കുക എന്നതു മാത്രമായി പോസ്റ്റോഫാസിന്റെ ജോലി ചുരുങ്ങിയിരിക്കുന്നു. നാല്‍കവലകളില്‍ മുമ്പ് കണ്ടിരുന്ന തപാല്‍ പെട്ടികള്‍ ഇപ്പോള്‍ കാണാനില്ല. ആരും ആര്‍ക്കും ഇപ്പോള്‍ നീലത്താളില്‍ കത്തയക്കാറില്ല.

 

Leave a Reply

Your email address will not be published. Required fields are marked *