കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല;നീണ്ട സാഹോദര്യബന്ധമെന്ന് വിഡി സതീശന്‍

മലപ്പുറം: കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സാഹോദര്യബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും കേരളത്തില്‍ യുഡിഎഫ് ഏറ്റവും സുശക്തമായ ജില്ലയാണ് മലപ്പുറമെന്നും സതീശന്‍ പറഞ്ഞു.മലപ്പുത്ത് പാണക്കാട് തങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.പാണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് സ്വാഭാവികമായ കാര്യമാണ്.

ഇതൊരു സൗഹൃദസന്ദര്‍ശനമാണ്.ഇന്ന് മലപ്പുറത്ത് കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍ നടക്കുന്ന ദിവസമായതിനാല്‍ ഇവിടെയെത്തിയതെന്ന് സതീശന്‍ പറഞ്ഞു.കഴിഞ്ഞ ലോകസ്ഭാ ഇലക്ഷന്‍ തൊട്ടുമുന്‍പായി കോണ്‍ഗ്രസും ലീഗും തമ്മില്‍ ജില്ലയില്‍ പലയിടത്തും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.ഇന്ന് ഒരു പഞ്ചായത്തില്‍പോലും അഭിപ്രായവ്യത്യസമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാല്‍ കോണ്‍ഗ്രസും ലീഗിനകത്ത് പ്രശ്‌നമുണ്ടായാല്‍ ലീഗ് തീര്‍ക്കും.രണ്ടും രണ്ട് രാഷ്ട്രീയപാര്‍ട്ടികളാണ്.

ഒരുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്.പലസ്തീന്‍ സെമിനാറില്‍ പങ്കെടുക്കാന്‍ സിപിഎം ക്ഷണിച്ചപ്പോള്‍ മുസ്ലീം ലീഗ് കൃത്യമായ മറുപടിയാണ് കൊടുത്തതത്.കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഇല്ലെന്നാണ് ലീഗ് പറഞ്ഞത്. പലസ്തിന്‍ വിഷയത്തില്‍ ലീഗ് നടത്തിയ പരിപാടി പോലെ ഒരു പരിപാടി ലോകത്ത് ഒരിടത്തും നടത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

ഏകസിവില്‍ കോഡ് വിഷയമുണ്ടായപ്പോഴും സിപിഎം സെമിനാര്‍ സംഘടിപ്പിച്ചപ്പോള്‍ സിപിഎം സമസ്‌തെയയും ലീഗിനെയുമാണ് ക്ഷണിച്ചത്.അത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്.പലസ്തീന്‍ വിഷയത്തിലും സിപിഎം സമസ്തയെയും ലീഗിനെയും വിളിക്കുമെന്ന് പറഞ്ഞതില്‍ രാഷ്ട്രീയ അജണ്ടയാണ്.സിപിഎം എത്ര തരംതാണ നിലയിലാണ് പലസ്തിനെ കാണുന്നത്. യുഡിഎഫില്‍ എന്തോ കുഴപ്പമാണെന്ന് വരുത്തിതീര്‍ക്കുകയും അതില്‍ എങ്ങനെ രാഷ്ട്രീയനേട്ടം കൊയ്യാമെന്നാണ് സിപിഎം കരുതുന്നെതെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *