കുടമാറ്റത്തിലെ രാമന്‍ ഒരു രാഷ്ട്രീയ പദ്ധതിയാണ്: പി.എന്‍ ഗോപീകൃഷ്ണന്‍

    തൃശ്ശൂര്‍ പൂരത്തിലെ കുടമാറ്റത്തില്‍ അയോധ്യയിലെ രാമക്ഷേത്രവും രാംലല്ല വിഗ്രഹവും ഉള്‍പ്പെടുത്തിയതിനെതിരെ എഴുത്തുകാരനും കവിയുമായ പി എന്‍ ഗോപീകൃഷ്ണന്‍.

തൃശ്ശൂര്‍ പൂരത്തിലെ കുടമാറ്റത്തില്‍ അയോധ്യയിലെ രാമക്ഷേത്രവും രാംലല്ല വിഗ്രഹവും ഉള്‍പ്പെടുത്തിയതിനെതിരെ എഴുത്തുകാരനും കവിയുമായ പി എന്‍ ഗോപീകൃഷ്ണന്‍. ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായ അയോധ്യയിലെ രാമക്ഷേത്രത്തെ കേരളത്തിന്റെ ജനകീയ ഉത്സവങ്ങളിലൊന്നായ തൃശ്ശൂര്‍ പൂരത്തിലേക്ക് ഒളിച്ചുകടത്തിയത് പ്രതിഷേധാര്‍ഹമാണെന്നാണ് പിഎന്‍ ഗോപീകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.’അയോധ്യയിലെ രാംലല്ലയ്ക്ക് പിന്നില്‍ മതത്തിന്റേയോ ആത്മീയതയുടേയോ ദൈവശാസ്ത്രത്തിന്റേയോ ചരിത്രം അല്ല വര്‍ത്തിക്കുന്നത്. ഒരു രാഷ്ട്രീയ പദ്ധതിയാണ്. ആ രാഷ്ട്രീയ പദ്ധതിയെ തൃശ്ശൂര്‍ പൂരത്തിന്റെ ദൃശ്യ, ശ്രാവ്യ, സാംസ്‌കാരിക ഉള്ളടക്കത്തിലേയ്ക്ക്, ആള്‍ക്കൂട്ടം ഇല്ലെങ്കില്‍ അര്‍ത്ഥശൂന്യമായിപ്പോകുന്ന ഇടത്തേയ്ക്ക് ഒളിച്ചു കടത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഉത്സവങ്ങളുടെ സൗന്ദര്യശാസ്ത്രത്തേയും സാംസ്‌കാരിക ഉള്ളടക്കത്തേയും അശ്ലീലവത്ക്കരിക്കുന്ന പ്രവൃത്തിയാണത്.’ പിഎന്‍ ഗോപീകൃഷ്ണന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലയാളികളുടെ മനോഘടനയിലെ സാമൂഹിക ജനിതകമാണ് ഉത്സവങ്ങള്‍. ഏറ്റവും ചുരുങ്ങിയത് എന്റെ പ്രായത്തിലുള്ള മലയാളി തലമുറ വരേയ്ക്കെങ്കിലും. കൊടുങ്ങല്ലൂര്‍ താലപ്പൊലിയും തൃശ്ശൂര്‍ പൂരവും ഉത്രാളിക്കാവ് ഉത്സവവും മച്ചാട് മാമാങ്കവും പെരുവനം പൂരവും ആറാട്ടുപുഴ പൂരവും കൂടല്‍മാണിക്യം ഉത്സവവും നടന്നു കണ്ട തലമുറയില്‍പ്പെടുന്ന ഒരാളാണ് ഞാന്‍.

മേല്‍പ്പറഞ്ഞ ഉത്സവങ്ങള്‍ക്കൊക്കെ മതപരമായ ഒരു അനുഷ്ഠാന വശം ഉണ്ട്. അതേ സമയം ഉത്സവത്തെ ഉത്സവമാക്കുന്നത് ആ അനുഷ്ഠാന വശം അല്ല. ഉത്സവപ്പറമ്പില്‍ തടിച്ചുകൂടുന്ന ജനാവലിയില്‍, ആ അനുഷ്ഠാന വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നവര്‍ നന്നേ കുറവാണ്. തങ്ങളുടെ ഏകാന്തതയെ അലിയിച്ചു കളയുന്ന ഒരു ലോകാന്തതയെ പുല്‍കുന്ന മനുഷ്യരാണവര്‍. ജാതി, മത, സാമ്പത്തിക, സാമൂഹിക വ്യത്യസ്തതയുള്ള ആ താല്‍ക്കാലിക ആള്‍ക്കൂട്ടമാണ് തൃശ്ശൂര്‍ പൂരത്തിന്റെ അവിഭാജ്യഘടകങ്ങളായ ചെറുപൂരങ്ങളും മഠത്തിലെ വരവും കുടമാറ്റവും ആസ്വദിക്കുന്നത്. അതായത് ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ആള്‍ക്കൂട്ടവും ക്ഷേത്രവും തമ്മിലുള്ള ബന്ധമല്ല, ഉത്സവപ്പറമ്പിലെ ജനക്കൂട്ടവും ഉത്സവച്ചടങ്ങുകളും തമ്മിലുള്ളത്. ചുരുക്കത്തില്‍ ‘ആളുകള്‍ കണ്ടാണ് സാര്‍, പൂരങ്ങള്‍ ഇത്ര വലുതായത്’ (കടപ്പാട്: കെ ജി എസ്)ആ ആള്‍ക്കൂട്ടവും ഉത്സവത്തിന്റെ ദൃശ്യ, ശ്രാവ്യ, സാംസ്‌കാരിക ഉള്ളടക്കവും തമ്മിലുള്ള, നിയമപരമായി എഴുതപ്പെടാത്ത, എന്നാല്‍ സാംസ്‌കാരികമായി നിലവിലുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് അയോദ്ധ്യയില്‍ പുതുതായുണ്ടായ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാംലല്ലയെ അടയാളപ്പെടുത്തിയ കൊടികള്‍ ഉയര്‍ത്തിയതിലൂടെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതര്‍ ചെയ്തിരിക്കുന്നത്.

ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന, വോട്ടവകാശമുള്ള എല്ലാവര്‍ക്കും വ്യക്തമായറിയുന്ന സംഗതിയാണ്, അയോദ്ധ്യയിലെ രാമക്ഷേത്രവും രാംലല്ലയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ടയിലെ പ്രധാനപ്പെട്ട ഇനങ്ങളാണെന്നത്. അദ്വാനിയുടെ രഥഘോഷയാത്രയും അതേ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളും, ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയും എടുത്തുമാറ്റി അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തേയോ രാംലല്ല വിഗ്രഹത്തേയോ കാണാന്‍ പറ്റില്ല. അതായത് തൃപ്രയാറിലെ, തിരുവില്വാമലയിലെ, കടവല്ലൂരിലെ രാമനല്ല, അയോദ്ധ്യയിലെ രാംലല്ല. അതിന് പിന്നില്‍ മതത്തിന്റേയോ ആത്മീയതയുടേയോ ദൈവശാസ്ത്രത്തിന്റേയോ ചരിത്രം അല്ല വര്‍ത്തിക്കുന്നത്. ഒരു രാഷ്ട്രീയ പദ്ധതിയാണ്.

ആ രാഷ്ട്രീയ പദ്ധതിയെ തൃശ്ശൂര്‍ പൂരത്തിന്റെ ദൃശ്യ, ശ്രാവ്യ, സാംസ്‌കാരിക ഉള്ളടക്കത്തിലേയ്ക്ക്, ആള്‍ക്കൂട്ടം ഇല്ലെങ്കില്‍ അര്‍ത്ഥശൂന്യമായിപ്പോകുന്ന ഇടത്തേയ്ക്ക് ഒളിച്ചു കടത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഉത്സവങ്ങളുടെ സൗന്ദര്യശാസ്ത്രത്തേയും സാംസ്‌കാരിക ഉള്ളടക്കത്തേയും അശ്ലീലവത്ക്കരിക്കുന്ന പ്രവൃത്തിയാണത്. ഉത്സവ നടത്തിപ്പുകാരും ആസ്വാദകരും തമ്മിലുള്ള കരാറിന്റെ നഗ്നമായ ലംഘനമാണത്. ഉത്സവത്തില്‍ പങ്കെടുക്കുന്ന ജനക്കൂട്ടം ഉപഭോക്താക്കളല്ല. രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥയില്‍ പങ്കെടുക്കാന്‍ വന്നവരല്ല. അവര്‍ ഉത്സവത്തിലെ പങ്കാളികള്‍ ആണ്. ഒന്നാലോചിച്ചാല്‍ ഉത്സവത്തിന്റെ സാംസ്‌കാരികമായ ഉടമസ്ഥര്‍ അവരാണ്.

അതിനാല്‍, എന്റെ കൂടി നഗരമായ തൃശ്ശൂരില്‍ നടന്ന ഈ വൃത്തികേടിനെതിരെ ഒരു പൗരനെന്ന നിലയില്‍, വ്യക്തിയെന്ന നിലയില്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *