യുവാക്കളെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിൽ….

തിരുവല്ല: തിരുവല്ലയിലെ നിരണം പനച്ചുമൂട്ടിൽ രണ്ട് യുവാക്കളെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതി അടക്കം മൂന്ന് പേർ പുളിക്കീഴ് പോലീസിന്റെ പിടിയിലായി.കടപ്ര വളഞ്ഞവട്ടം വാലുപറമ്പിൽ വീട്ടിൽ സച്ചിൻ വി രാജ് ( 26 ), നിരണം നോർത്ത് കാട്ടിൽത്തറ വീട്ടിൽ ശരത് ലാൽ ( 25 ), ചെങ്ങന്നൂർ മുണ്ടൻ കാവ് തെക്കേടത്ത് തെക്കേതിൽ വീട്ടിൽ അഖിൽ കൃഷ്ണൻ ( 25 ) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ പനച്ചിമൂട് ജംഗ്ഷന് സമീപത്ത് വെച്ച് നിരണം ശ്രീനിലയത്തിൽ സമ്പത്ത്, ഇയാളുടെ ഭാര്യ സഹോദരൻ തലവടി സ്വദേശി വിനു എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.പനച്ചുമൂട് ജംഗ്ഷന് സമീപത്തെ ഷാപ്പിൽ ഇരു സംഘങ്ങളായി ചേർന്ന് മദ്യപിക്കുന്നതിനിടെ സമ്പത്തും കേസിലെ ഒന്നാംപ്രതി സച്ചിൻ വി രാജും തമ്മിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ വാക്കേറ്റം ആണ് സംഭവങ്ങളുടെ തുടക്കം.

വാക്കറ്റത്തെ തുടർന്ന് ഷാപ്പിൽ നിന്നും ഇറങ്ങി ബൈക്കിൽ വീട്ടിലേക്ക് പോയ സമ്പത്തിനെയും വിനുവിനെയും സമ്പത്തിന്റെ വീടിന്റെ മുമ്പിൽവെച്ച് തടഞ്ഞു നിർത്തിയ ശേഷം പ്രതികൾ ഹെൽമറ്റ് ഉപയോഗിച്ച് ഇരുവരെയും അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.ബഹളം കേട്ട് ആളുകൾ ഓടിക്കൂടുന്നത് കണ്ടു പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.തുടർന്ന് പുളിക്കീഴ് പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.കേസിലെ ഒന്നാം പ്രതിയായ സച്ചിൻ വി രാജിന് എതിരെ പുളിക്കീഴ് സ്റ്റേഷനിൽ മാത്രം 7 ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

ചില കേസുകളിൽ സച്ചിൻ വി രാജിനെ പോലീസിന് ഒറ്റു കൊടുത്തത് സമ്പത്ത് ആണെന്ന മുൻ വൈരാഗ്യമാണ് വാക്കേറ്റത്തിലും അക്രമത്തിലും കലാശിച്ചതെന്ന് സി ഐ പറഞ്ഞു.തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ സമ്പത്തിനെയും വിനുവിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സി.ഐ ഇ . അജീബ്, എസ് ഐ മാരായ ജെ. ഷെജിം, സതീഷ് കുമാർ , എ എസ് ഐ അനിൽ എസ് എസ്, സി പി ഒമാരായ അനിൽ കുമാർ കെ എം , രജീഷ്, നവീൻ, സന്ദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *