തെലങ്കാന രാഷ്ട്രീയത്തിൽ മഞ്ഞൾ കലരുമ്പോൾ….

ദേശീയ മഞ്ഞൾ ബോർഡിന്റെ പ്രഖ്യാപനം, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തെലങ്കാനയിൽ പ്രധാന രാഷ്ട്രീയവിഷയമായി മാറുന്നു.മഞ്ഞളിന് ന്യായമായ വിലയും ആഗോള അംഗീകാരവും ഉറപ്പാക്കുകയാണ് ബോർഡിന്റെ ലക്ഷ്യം.ചെറുകിട,നാമമാത്ര കർഷകർക്ക് ബോർഡ് എത്രത്തോളം സഹായകരമാകുമെന്ന കാര്യത്തിൽ ചില കർഷകർക്ക് സംശയമുണ്ട്.മഞ്ഞൾ ബോർഡ് രൂപീകരണത്തെ തങ്ങളുടെ നേട്ടമായി ബിജെപിയും ബിആർഎസും അവകാശപ്പെടുന്നു.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിസാമബാദിൽ, ഭാരത് രാഷ്ട്ര സമിതിയുടെ നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയുടെ പരാജയത്തിന് കാരണമായതും ഇതേ മഞ്ഞളായിരുന്നു.

നവംബർ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മഞ്ഞൾ ചർച്ചകളിലേക്ക് സംസ്ഥാനം മടങ്ങിവന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ്, ഒക്ടബോർ ഒന്നിന് മഹാബുഗ് നഗറിൽ നടന്ന റാലിയിൽ, കേന്ദ്രസർക്കാർ നിസാമബാദിൽ ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കുമെന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്തെ കർഷകരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. പ്രഖ്യാപനംവന്ന് മൂന്ന് ദിവസത്തിന് ശേഷം കേന്ദ്രമന്ത്രിസഭ മഞ്ഞൾ ബോർഡിന്റെ രൂപീകരണത്തിന് അനുമതി നൽകി.

രാജ്യത്ത് ഏറ്റവുമധികം മഞ്ഞൾ, ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സംസ്ഥാനം തെലങ്കാനയാണെന്ന്, ഭാരതീയ കിസാൻ സംഘ് നേതാവ് കെ സായ് റെഡ്ഡി പറയുന്നു.2021-22 വർഷത്തെ കേന്ദ്രസർക്കാരിന്റെ കണക്കും അദ്ദേഹം ചൂണ്ടിക്കാട്ടി. നിസാമബാദിലെ അർമൂറിനൊപ്പം ജഗ്തിയാൽ,നിർമൽ ജില്ലകളിലായി 45,000 കർഷകർ 40,000 ഏക്കറിൽ ഇക്കാലയളവിൽ മഞ്ഞൾ കൃഷി ചെയ്തു. മഞ്ഞൾ കൃഷിയിൽ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാനയിൽ നേരത്തേ 55,000 ഏക്കറിലായിരുന്നു കൃഷി നടത്തിയിരുന്നതെങ്കിലും രണ്ടുവർഷംകൊണ്ട് വിസ്തൃതി കുറഞ്ഞു. മികച്ച വില കിട്ടാത്തതാണ് കാരണമായി പറയുന്നത്. ഒരേക്കറിൽനിന്ന് ശരാശരി 20 ക്വിന്റൽ മഞ്ഞൾ ലഭിക്കും.

ഒരു ക്വിന്റൽ കൃഷി ചെയ്യാൻ 8,000 രൂപയാണ് ഉത്പാദനച്ചെലവ് കണക്കാക്കുന്നത്. പക്ഷെ 6,000 രൂപ മാത്രമാണ് ക്വിന്റലിന് ലഭിക്കുന്നത്. ഇതുമൂലം പലരും കൃഷി ഉപേക്ഷിച്ചെന്ന് റെഡ്ഡി പറയുന്നു. ദേശീയ മഞ്ഞൾ ബോർഡ് രൂപീകരണത്തിനായി 2014ലെ പൊതു തിരഞ്ഞെടുപ്പ് മുതൽ കർഷകർ പോരാടിയിട്ടുണ്ട്. 2014ൽ നിസാമബാദിൽനിന്ന് കെ കവിത ബിആർഎസ് ടിക്കറ്റിൽ മത്സരിക്കുമ്പോൾ, കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി മഞ്ഞൾ ബോർഡ് സ്ഥാപിക്കുമെന്ന്, കർഷകർക്ക് ഉറപ്പു നൽകിയിരുന്നു.എന്നാൽ വാഗ്ദാനം പാഴ് വാക്കായതോടെ, അടുത്ത ലോക്‌സഭാ പോരിൽ നിസാമബാദിൽ 180 കർഷകർ കവിതയ്‌ക്കെതിരെ മത്സരിച്ചു.

ഇതിനൊപ്പം 54 പേർ വാരണാസിക്ക് വണ്ടികയറി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നാമനിർദേശ പത്രിക നൽകി. ബോർഡ് സ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയായിരുന്നു 2019ൽ ബിജെപിയുടെ ഡി അരവിന്ദ് കവിതയ്‌ക്കെതിരെ മത്സരിച്ചത്.ഇക്കാര്യം സ്റ്റാംപ് പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു. ബോർഡ് സ്ഥാപിക്കാനായില്ലെങ്കിൽ എംപി സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്നും അന്ന് പ്രചാരണം നടത്തി. ഇതാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിസാമബാദിൽ കവിത 70,000 വോട്ടുകൾക്ക് പരാജയപ്പെടാൻ ഇടയാക്കിയത്. എന്നാൽ സുഗന്ധ വ്യഞ്ജനത്തിന് ബോർഡ് ഉള്ളതിനാൽ മഞ്ഞളിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ ബിജെപി അടുത്തകാലംവരെ തയ്യാറായിരുന്നില്ല.

ഇതിൽ അസ്വസ്ഥരായിരുന്ന കർഷകർ ജനുവരിയിൽ അരവിന്ദ് മണ്ഡലത്തിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ വാഹനത്തെവ്യൂഹത്തെ ആക്രമിക്കുന്ന സ്ഥിതിപോലുമുണ്ടായി.തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ മഞ്ഞൾ ബോർഡ് രൂപീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് നിസാമബാദിൽ രാഷ്ട്രീയം നിറം കൈവന്നു.മഞ്ഞൾ വ്യാപാരികൾ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന് സായ് റെഡ്ഡി ചൂണ്ടിക്കാട്ടി. ബോർഡ് നിലവിൽ വന്നതോടെ കർഷകർക്ക് മികച്ച പ്രതിഫലം കിട്ടുമെന്നാണ് പ്രതീക്ഷ.മാത്രമല്ല, ആധുനിക ഉത്പാദന രീതികളും സംസ്‌കരണ മാർഗങ്ങളും അവലംബിക്കാനാകും.

കൂടാതെ സംഭരണത്തിനും നേരിട്ടുള്ള കച്ചവടത്തിനും കയറ്റുമതിക്കും സൗകര്യങ്ങളും ലഭ്യമാകും. എന്നാൽ ബോർഡ് എങ്ങനെ കർഷകരെ സഹായിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ചില കർഷകർ പറയുന്നു.പ്രഖ്യാപനം വന്നെങ്കിലും ബോർഡ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങാൻ ഒരുവർഷമെടുക്കുമെന്നും അവർ കണക്കുകൂട്ടുന്നു.കയറ്റുമതിക്കായി ഗുണനിലവാരമുള്ള മഞ്ഞൾ മാത്രം ബോർഡ് സംഭരിച്ചാൽ അത് ചെറുകിട കർഷകരെ സഹായിക്കില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മഞ്ഞൾ ബോർഡിന്റെ ക്രഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബിജെപിയും ബിആർഎസും തുടങ്ങിയിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ നിസാമബാദ് എംപിയുടെ പ്രതികരണം ആ നിലയ്ക്കുള്ളതായിരുന്നു. എന്നാൽ ബോർഡ് പ്രഖ്യാപിച്ചെങ്കിലും വനിതാ ബിൽ പോലെ സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് ബിആർഎസ് വിമർശിച്ചു. ഇത് ഒമ്പതുവർഷം മുൻപ് ചെയ്യേണ്ടതായിരുന്നുവെന്നാണ് തെലങ്കാനമന്ത്രി കെ ടി രാമറാവുവിന്റെ കുറ്റപ്പെടുത്തൽ. എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയും ബിആർഎസും മഞ്ഞൾ രാഷ്ട്രീയം കലർത്തുമെന്ന് ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *