സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് വില്ലേജ് ഓഫീസ് ആക്കന്‍ സര്‍ക്കാരിന് കത്ത് നല്‍കി പഞ്ചായത്ത്

കേരള പോലീസ് കഴിഞ്ഞ നാല്പത് വര്‍ഷമായി അന്വേഷിക്കുന്ന സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് വില്ലേജ് ഓഫീസ് ആക്കണമെന്ന് അപേക്ഷ.നവകേരള സദസിലാണ് ഇത് സംബന്ധിച്ചു അപേക്ഷ എത്തിയത്.ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്ത് നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിനായി നല്‍കണമെന്നുമാണ് അപേക്ഷ.അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്താണ് സര്‍ക്കാരിന് ഇത് സംബന്ധിച്ചു അപേക്ഷ നല്‍കിയത്.40 കൊല്ലം മുന്‍പാണ് കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസ് നടക്കുന്നത്.

ഇതെ ബംഗ്ലാവിന്റെ നിര്‍മ്മാണത്തിനായി പണം കണ്ടെത്താനാണ് ഫിലിം റെപ്രന്ററ്റീവായ ചാക്കോയോ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊന്ന ശേഷം കാറിലിട്ട് ചുട്ട് കരിച്ചത്.ആലപ്പുഴ മെഡിക്കല്‍ കോളേജിന് എതിര്‍വശത്തുള്ള റോഡിലൂടെ 150 മീറ്റര്‍ ദൂരം പോകുമ്പോഴാണ് പണി പൂര്‍ത്തിയാകാത്ത ഈ ബംഗ്ലാവ്.കഴിഞ്ഞ 40 വര്‍ഷത്തോളമായി ദുരൂഹതകള്‍ ഉണര്‍ത്തുന്ന പ്രേതാലയം പോലെ കിടക്കുന്ന കെട്ടിടമാണിത്. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ് ഈ കെട്ടിടം.

സുകുമാരക്കുറുപ്പിനെ പോലെ അന്നും ഇന്നും ഏറെ ദുരൂഹതകള്‍ മൂടിപ്പുതച്ച് നില്‍ക്കുകയാണ് ഈ ഇരുനില ബംഗ്ലാവ്. ഈ കെട്ടിടത്തിന്റ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം തേടിയുള്ള മാവേലിക്കര കുന്നത്ത് കുറുപ്പിന്റെ ഓട്ടം അവസാനിച്ചത് ചാക്കോ എന്ന യുവാവിന്‍രെ ദാരുണ കൊലപാതകത്തിലായിരുന്നു.താന്‍ മരിച്ചുവെന്ന് കാട്ടി ,വിദേശ ഇന്‍ഷുറന്‍സ് കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാര കുറുപ്പ് കണ്ടെത്തിയ സ്വന്തം രൂപസാദൃശ്യമുള്ളയാളായിരുന്നു ചാക്കോ.സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് മുങ്ങി.

40 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇയാള്‍ ജീവിപ്പിച്ചിരുപ്പുണ്ടോ എന്നു പോലും പൊലീസിന് അറിയില്ല.സുകുമാരക്കുറുപ്പ് പോയ അന്ന് മുതല്‍ ഈ കെട്ടിടവും അനാഥമായി.അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയിച്ചില്ല.ഇതോടെയാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രംഗത്തെത്തുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ വില്ലേജ് ഓഫീസിനായി സര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്ത് കൈമാറണം എന്നാണ് ആവശ്യം. ഇതിനായി നവകേരള സദസ്സില്‍ വെച്ച് അപേക്ഷ നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *