സോളാര്‍ ഗൂഢാലോചന കേസ്; ഗണേഷിനെതിരെ തുടർനടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി

കൊച്ചി: സോളാര്‍ ഗൂഢാലോചന കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി.കേസില്‍ ഗണേഷ് കുമാര്‍ പത്തു ദിവസത്തേക്ക് നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസില്‍ ഗണേഷ് കുമാര്‍ നേരിട്ടു തന്നെ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു.ഇതുപ്രകാരം പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചിരുന്നു.

കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയത്.ഹര്‍ജിയില്‍ നടന്ന തുടര്‍വാദത്തിലാണ് കൊട്ടാരക്കര കോടതിയിലെ നടപടിക്കുള്ള സ്റ്റേ നീക്കിയത്.നേരിട്ടു ഹാജരാകുന്നതില്‍ പത്തു ദിവസത്തെ സാവകാശമാണ് കോടതി ഗണേഷ് കുമാറിന് നല്‍കിയത്.സോളാര്‍ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന കെ ബി ഗണേഷ് കുമാറിന്റെ ഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാനായി വ്യാജരേഖ ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു.കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയില്‍ ഹാജരാക്കിയതും പരാതിക്കാരിയാണ്.ഇത് എങ്ങനെയാണ് വ്യാജമെന്ന് പറയാനാകുക.ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്ന വാദം നിലനില്‍ക്കില്ലെന്നും ഗണേഷ് കുമാര്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *