ശബരിമലയില്‍ പ്രതിദിനം കുമിഞ്ഞു കൂടുന്നത് ക്വിന്റല്‍ കണക്കിന് മാലിന്യങ്ങള്‍

ശബരിമല:ശബരിമലയില്‍ പ്രതിദിനം കുമിഞ്ഞു കൂടുന്നത് ക്വിന്റൽ കണക്കിന് ജൈവ – അജൈവ മാലിന്യങ്ങൾ.തീര്‍ത്ഥാടനം ആരംഭിച്ച് ഇതുവരെ ഒന്‍പത് ലക്ഷം കിലോയില്‍ അധികവും മാലിന്യമാണ് ഇന്‍സിനറേറ്ററുകൾ വഴി സംസ്‌കരിച്ചത്.ഇരുപത്തി ഏഴായിരത്തോളം കിലോഗ്രാം മാലിന്യമാണ് പ്രതിദിനം ഇൻസിറേറ്ററുകൾ വഴി സംസ്കരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനായി പാണ്ടിത്താവളം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലായി ഏഴ് ഇന്‍സിനറേറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്.പ്രധാനമായും 20 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍,വസ്ത്രങ്ങള്‍,കാര്‍ഡ്‌ബോര്‍ഡ്,ഉപയോഗ ശൂന്യമായ അരവണ ടിന്നുകള്‍ എന്നിവയാണ് പ്രധാനമായും സംസ്‌കരിക്കുന്നത്.

പാണ്ടിത്താവളത്ത് മൂന്ന് ഇന്‍സിനറേറ്ററുകള്‍ ഉണ്ട്, മണിക്കൂറില്‍ 700 കിലോ മാലിന്യം ഇവിടെ സംസ്‌കരിക്കാന്‍ സാധിക്കും.ഒരു ദിവസം പരമാവധി 20 മണിക്കൂര്‍വരെ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.അതിലൂടെ 14,000 കിലോ മാലിന്യം വരെ ഇവിടെ സംസ്‌കരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.പമ്പയില്‍ രണ്ട് ഇന്‍സിനറേറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ മണിക്കൂറില്‍ 400 കിലോഗ്രാം മാലിന്യം വരെ സംസ്‌കരിക്കാന്‍ സാധിക്കുന്നുണ്ട്.ഇവിടെ സ്ഥാപിച്ചിട്ടുള്ള ഇന്‍സിനറേറ്ററുകള്‍ തുടര്‍ച്ചയായി 18 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.ഇത്തരത്തില്‍ പമ്പയില്‍ പ്രതിദിനം 7,200 കിലോ വരെ മാലിന്യം സംസ്‌കരിക്കുന്നുണ്ട്.

നിലയ്ക്കലില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍സിനറേറ്ററില്‍ മണിക്കൂറില്‍ 400 കിലോ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുണ്ട്.രണ്ട് യന്ത്രങ്ങളാണ് ഇവിടെയുള്ളത്.എന്നാല്‍, രാത്രികാലങ്ങളില്‍ കാട്ടാനശല്യം ഉള്ളതിനാല്‍ 14 മണിക്കൂര്‍ മാത്രമാണ് നിലയ്ക്കലില്‍ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.പ്രതിദിനം 5,600 കിലോ മാലിന്യമാണ് ഇവര്‍ സംസ്‌കരിക്കുന്നത്.സന്നിധാനത്തടക്കം വർഷം തോറും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളുടെ തോത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംഭരണശേഷി കൂടുതലുള്ള മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *