ഖാർഗെയുടെ സ്വത്വ പ്രകാശനം, തരൂരിനെ വരേണ്യനാക്കാനോ?

    ഇനി തരൂര്‍ വിണ്ണിലാണ്, വരേണ്യനാണ് എന്ന് പറയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് 10%ത്തോളം എസ്.സി, എസ്.ടി വോട്ടര്‍മാരുണ്ടെന്നത് മറക്കരുത്. അവര്‍ കൂടി തിരഞ്ഞെടുത്ത ജനപ്രതിനിധിയാണ് തരൂരെന്നതും മറക്കരുത്.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്ന കേരളത്തില്‍ നിന്നുള്ള ഹൈക്കമാന്‍ഡ് ഭക്തര്‍ ശശി തരൂരിനെ ചില്ലുമേടയിലിരിക്കുന്ന വരേണ്യനേതാവായി ചിത്രീകരിക്കാനുള്ള തത്രപ്പാടിലാണ്. പറയുന്ന ഭാഷയില്‍ മാത്രമാണ് വ്യത്യാസം. കെ.മുരളീധരന്‍ പറയുന്ന ശൈലിയിലോ ഭാഷയിലോ അല്ല വി.ഡി.സതീശന്റെ പ്രതികരണം. വി.ഡി.സതീശന്‍ താത്വികമായാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസിന് ഒരു ദളിത് പ്രസിഡന്റ് എന്നതാണ് സതീശന്റെ താത്വികലൈന്‍. മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന ദളിത് നേതാവ്, ഖാര്‍ഗെയെ പിന്തുണയ്ക്കാനുള്ള സമവാക്യത്തെ ഇത്തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ തരൂര്‍ സ്വഭാവികമായും വിണ്ണില്‍ പറക്കുന്ന വരേണ്യനാകുമല്ലോ?

ഈ തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് സംഘപരിവാറിന്റെ കേരളത്തിലെ സ്വാധീനകേന്ദ്രമായ തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് ടേമും മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ വിവരണപ്രകാരം മോദിയുടെ ഹിന്ദുത്വഫാസിസത്തെ ചെറുക്കുന്ന നമ്പര്‍ വണ്‍ കോണ്‍ഗ്രസുകാരന്‍ രാഹുല്‍ ഗാന്ധിയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് വ്യാപിപ്പിച്ച രാഹുല്‍ ഗാന്ധി പക്ഷെ ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തില്ല. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത വയനാട് പാര്‍ലമെന്റ് മണ്ഡലമായിരുന്നു രാഹുലിന് പഥ്യം. സംഘപരിവാറിന്റെ സ്വാധീനകേന്ദ്രമായ തിരുവനന്തപുരത്ത് വിണ്ണില്‍ പറക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് കെട്ടിയിറക്കിയതെന്നാണോ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ഇനി തരൂര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേയ്ക്ക് വന്ന നേതാവല്ല എന്നാണോ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത്. രണ്ടുതവണ ജനങ്ങള്‍ക്കിടിയില്‍ നിന്നാണ് തരൂര്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ നെഹ്റുകുടുംബത്തിന്റെ ഇംഗിതത്തിന് വിരുദ്ധമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ തരൂര്‍ വിണ്ണിലെ വരേണ്യനാകുന്നത് എങ്ങനെയാണ്. അങ്ങനെയെങ്കില്‍ ഇന്ദിരയ്ക്ക് പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജീവ് ഗാന്ധിയുടെ യോഗ്യതയെന്തായിരുന്നു. സീതാറാം കേസരിയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം എറ്റെടുക്കുമ്പോള്‍ സോണിയാ ഗാന്ധിയുടെ യോഗ്യത എന്തായിരുന്നു. അതുവരെ വിണ്ണിലായിരുന്നില്ലെ ഈ നേതാക്കളെല്ലാം. രാഹുലും ജനങ്ങള്‍ക്കിടിയില്‍ പണിയെടുത്താണോ നേതൃത്വത്തിലേയ്ക്ക് വന്നത്. അവര്‍ക്ക് പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും തഴമ്പുണ്ടല്ലോ എന്നാണ് മറുപടിയെങ്കില്‍ തരൂരും അത്രയ്ക്ക് ചെറിയ മീനൊന്നുമല്ലല്ലോ? തരൂര്‍ വന്ന വഴികളിലൂടെയും കഴിഞ്ഞ പത്ത് വര്‍ഷം ജനങ്ങളുടെ അംഗീകാരം ആര്‍ജ്ജിച്ചതിന്റെയും കണക്കെടുപ്പ് നടത്തേണ്ടതില്ലെ. അപ്പോള്‍ തരൂര്‍ വിണ്ണിലാണ് എന്ന കേരളത്തിലെ കോണ്‍ഗ്രസുകാരുടെ വിവരണമെല്ലാം നെഹ്റുകുടുംബത്തിന്റെ അടുക്കളയില്‍ പരിഗണന കിട്ടാനുള്ള പുറംപൂച്ച് പറച്ചിലുകള്‍ മാത്രമാണ്.

80കാരനാണ് ഖാര്‍ഗെ. നേരത്തെ ഹൈക്കമാന്‍ഡ് പരിഗണിച്ച അശോക് ഗഹ്ലോട്ട് 71കാരനാണ്. ഹൈക്കമാന്‍ഡിന് താല്‍പ്പര്യം വൃദ്ധനേതൃത്വമാണെന്ന് വ്യക്തം. ആള്‍ക്കൂട്ടത്തിന്റെ മിഥ്യാലോകത്ത് നിന്ന് പുറത്ത് വന്ന് പാര്‍ട്ടിയുടെ അധ്യക്ഷനാകാന്‍ രാഹുല്‍ തയ്യാറായാല്‍ വെല്ലുവിളിയില്ലാതെ രാഹുലിന് കസേര ഉറപ്പാക്കണം. അതുകൊണ്ടാണ് സച്ചിന്‍ പൈലറ്റിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതെ ഗഹ്ലോട്ടിനെ പരിഗണിച്ചത്. ഗഹ്ലോട്ട് അനഭിമിതനായപ്പോഴും സച്ചിനിലേയ്ക്ക് പോകാതെ ഖാര്‍ഗെയിലേയ്ക്ക് ഹൈക്കമാന്‍ഡ് റഡാര്‍ നീണ്ടതിന്റെ കാരണവും മറ്റൊന്നല്ല. ഖാര്‍ഗെയുടെ ദളിത് സ്വത്വത്തിന്റെ മഹത്വം പറയുന്ന കേരള നേതാക്കള്‍ ഇതൊന്നും മറക്കരുത്.

ഇനി തരൂര്‍ വിണ്ണിലാണ്, വരേണ്യനാണ് എന്ന് പറയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് 10%ത്തോളം എസ്.സി, എസ്.ടി വോട്ടര്‍മാരുണ്ടെന്നത് മറക്കരുത്. അവര്‍ കൂടി തിരഞ്ഞെടുത്ത ജനപ്രതിനിധിയാണ് തരൂരെന്നതും മറക്കരുത്.

 

Leave a Reply

Your email address will not be published. Required fields are marked *