കേരളത്തിലെ കോൺഗ്രസ് തരൂരിനെ പിന്തുണക്കണം

    മറ്റെല്ലാ ആശയ ഇടങ്ങള്‍ മാറ്റിവച്ചാലും മലയാളിയെന്ന പരിഗണനയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തൂരിനോട് കാണിക്കേണ്ടതുണ്ട്. 100 മീറ്റര്‍ ഓടേണ്ട തരൂരിന് 40 മീറ്റര്‍ മാത്രം ഓടിയാല്‍ ജയിക്കാവുന്ന ഖാര്‍ഗെയോട് പിടിച്ചുനില്‍ക്കാന്‍ കേരളമെങ്കിലും തരൂരിന് പിന്നില്‍ കൈയ്യടിയുമായി ഉണ്ടാകേണ്ടതുണ്ട്.

ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും കോണ്‍ഗ്രസിന് ഒരു മലയാളി അധ്യക്ഷന്‍ ഉണ്ടായിട്ടില്ല. അവസാനമായി ഒരു മലയാളി കോണ്‍ഗ്രസിന്റെ പ്രസിഡന്റായത് 1897ലാണ്. അന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രായം ഏഴുവയസ്സാണ്. ചേറ്റുര്‍ ശങ്കരന്‍ നായര്‍ക്ക് ശേഷം ഒരി മലയാളി പോലും കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേയ്ക്ക് വന്നിട്ടില്ല. നെഹ്റൂവിയന്‍ യുഗത്തിലും ശേഷവും അഖിലേന്ത്യാ തലത്തില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ അധ്യക്ഷപദവിയിലേയ്ക്ക് പരിഗണിക്കാന്‍ നെഹ്റുകുടുംബം നിശ്ചയിക്കുന്ന യോഗ്യതാപട്ടികയില്‍ ഇടം പിടിക്കാന്‍ ഒരുമലയാളിക്കും സാധിച്ചിട്ടില്ല. ഇത്തവണ നെഹ്റുകുടുംബത്തിന്റെ യോഗ്യതാ നിര്‍ണ്ണയം മത്സരിക്കാന്‍ ഒരു മാനദണ്ഡമല്ല. നാമനിര്‍ദ്ദേശമില്ല പകരം ജനാധിപത്യപരമായി നടക്കുന്ന തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് മാത്രം 125വര്‍ഷത്തിന് ശേഷം ഒരുമലയാളിക്ക് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ അവസരം കൈവന്നിരിക്കുകയാണ്.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് തരൂര്‍ അത്രയ്ക്ക് സ്വീകാര്യനല്ല. അദ്ദേഹം വിശ്വപൗരനല്ലേ ഇത് കേരളത്തിന്റെ ഇട്ടാവട്ടമല്ലെ എന്ന നിലയിലൊക്കെ തരൂരിനെ പരിഗണിക്കുന്നവരാണ് കേരളത്തിലെ നേതൃത്വം. തരൂരിന്റെ രാഷ്ട്രീയ പാരമ്പര്യം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ചട്ടപ്പടി വഴികളിലൂടെ നടന്ന് ശീലിച്ചതല്ല. അത്തരത്തില്‍ നോക്കിയാല്‍ കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയവഴികള്‍ തരൂരിന് അന്യമാണ്. അതുതന്നെയാവാം ഒരു തീണ്ടാപ്പാടകലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ നിര്‍ത്തുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഉപവിഗ്രഹമാണ് കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസിനെ സംബന്ധിച്ച് അവരുടെ സംഘടനാ സംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലൊന്നാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. ഈ സ്ഥാനം ഇപ്പോള്‍ രാഹുലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്ന കെ.സി.വേണുഗോപാലാണ്. കെ.സി.വേണുഗോപാലിനെതിരാണ് ജി 23യിലെ അടക്കം മുതിര്‍ന്ന നേതാക്കള്‍. രാഹുലിന്റെ ചിറകിനടിയില്‍ നിലവില്‍ കെ.സി വേണുഗോപാല്‍ സുരക്ഷിതനായ. പാര്‍ട്ടി പ്രസിഡന്റും സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും ഒരോ സംസ്ഥാനങ്ങളില്‍ നിന്ന് എന്ന വിവരണം ആര് ആഗ്രഹിച്ചാലും വേണുഗോപാല്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. കേരളത്തിലെ നേതാക്കള്‍ തരൂരിനെതിരെ മുഖം തിരിക്കുന്നതിന്റെ യഥാര്‍ത്ഥ വേര് അതിനാല്‍ തന്നെ നീണ്ടുചെന്നെത്തുന്നത് നെഹ്റുകുടുംബത്തിന്റെ അടുക്കളപ്പുറത്തേയ്ക്കാണ്.

മറ്റെല്ലാ ആശയഇടങ്ങള്‍ മാറ്റിവച്ചാലും മലയാളിയെന്ന പരിഗണനയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തൂരിനോട് കാണിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *