വാഴ്സോയായി മാറാൻ റഷ്യയും

    യുക്രെയിൻ്റെ നാലുപ്രവിശ്യകൾ റഷ്യയോട് ലയിക്കാൻ തീരുമാനിച്ചത് ഏഴുമാസമായി നീളുന്ന റഷ്യ-യുക്രെയിൻ യുദ്ധത്തിൽ വഴിത്തിരിവാകുന്നു. റഷ്യൻ അതിർത്തിയിലെ ഉക്രെയിൻ്റെ പടിഞ്ഞാറൻ പ്രവിശ്യകൾ റഷ്യയെ സൺബന്ധിച്ച് സൈനീക നീക്കങ്ങളിൽ നിന്നുള്ള സംരക്ഷിത പ്രദേശം കൂടിയാണ്. ഈ മേഖലയ്ക്ക് റഷ്യൻ ചരിത്രത്തിലുടനീളം തന്ത്രപരമായ പ്രധാന്യവുമുണ്ട്.

യുക്രെയ്നിന്റെ ഭാഗമായിരുന്ന ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, ഹേഴ്സണ്‍, സാപൊറീഷ്യ പ്രവിശ്യകള്‍ റഷ്യന്‍ ഫെഡറേഷനോട് ലയിച്ചു. ഹിതപരിശോധനയില്‍ ഈ മേഖലയിലെ ജനങ്ങള്‍ റഷ്യയില്‍ ലയിക്കാനുള്ള നീക്കത്തിന് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഈ മേഖലകള്‍ റഷ്യയുടെ ഭാഗമായതായി പുടിന്‍ പ്രഖ്യാപിച്ചത്. 2014ല്‍ ഉക്രയിന്റെ ഭാഗമായിരുന്ന ക്രീമിയയെ റഷ്യയോട് ലയിപ്പിച്ച സമാനസാഹചര്യമാണ് ഇപ്പോള്‍ വീണ്ടും രൂപപ്പെടുന്നത്. റഷ്യയുടെ ഭാഗമായി മാറിയ ഈ പ്രദേശങ്ങളെ യുക്രെയ്ന്‍ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇനി അണുവായുധ യുദ്ധമെന്ന മുന്നറിപ്പും നല്‍കുന്നുണ്ട് റഷ്യ. റഷ്യന്‍ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുക്രെയ്ന്‍. പുടിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ നാറ്റോ അംഗത്വത്തിനായി യുക്രെയ്ന്‍ അപേക്ഷ നല്‍കി കഴിഞ്ഞു. ഇനി നാറ്റോയുടെ നിലപാട് അതിനാല്‍ പ്രധാനമാണ്. യുക്രെയ്നെ അനുകൂലിക്കുന്ന പാശ്ചാത്യ ശക്തികള്‍ റഷ്യക്കെതിരെ വടിയെടുക്കുമെന്ന് സൂചിപ്പിച്ചു കഴിഞ്ഞു. കൂടുതല്‍ ഉപരോധങ്ങളാണ് ഇവര്‍ ആലോചിക്കുന്നത്. റഷ്യ അത്തരം ഭീഷിണികളൊന്നും കൂസുന്നില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. ഭീഷണയല്ലാതെ മറ്റൊന്നും കൈവശമില്ലെന്ന് പാശ്ചാത്യ ശക്തികളും തെളിയിച്ച് കഴിഞ്ഞു.

സോവിയറ്റ് തകര്‍ച്ചയ്ക്ക് ശേഷം ഭൂമിശാസ്ത്രപരമായി രണ്ടു രാജ്യങ്ങളായെങ്കിലും റഷ്യയുടെ താല്‍പ്പര്യങ്ങള്‍ യുക്രെയ്നില്‍ സജീവമാണ്. യുക്രെയ്നില്‍ റഷ്യയുടെ സ്വാധീനവും വിപുലമാണ്. 2014ല്‍ യുക്രെയ്നില്‍ നടന്ന പ്രതിവിപ്ലവമാണ് നിലവിലെ യുദ്ധത്തിന്റെ ഏറ്റവും ഒടുവിലെ പ്രകടമായ കാരണം. ഇതോടെ അമേരിക്കന്‍ നേതൃത്വത്തിലുള്ള പാവഭരണകൂടം യുക്രെയ്നില്‍ അധികാരത്തിലെത്തി. യുക്രെയ്ന്റെ വിദേശനയം നാറ്റോ അംഗത്വമാണെന്ന ഭരണഘടനാ ഭേദഗതിയും അമേരിക്കയുടെ പാവഭരണകൂടം ഇതിനിടയില്‍ നടപ്പിലാക്കി. യുക്രെയ്ന്‍ നാറ്റോയുടെ കീഴിലാകുന്നത് റഷ്യയെ സംബന്ധിച്ച് അചിന്തനീയമാണ്. അതിനാല്‍ തന്നെയൊണ് ഇത്തരം കടുത്തനടപടികളിലേയ്ക്ക് പുടിന്‍ നീങ്ങിയത്.

റഷ്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ 15%ത്തോളം വരുന്ന യുക്രെയ്ന്‍ ഭൂവിഭാഗം റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ്. അതിനാല്‍ തന്നെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന ധാര്‍മ്മിക, സാംസ്‌കാരിക പ്രതിരോധവിഷയങ്ങള്‍ പോലെ തന്നെ പ്രധാനമാണ് ഇരുരാജ്യങ്ങളിലെയും കിഴക്കന്‍-പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ തമ്മിലുള്ള പൊക്കിള്‍ക്കെടി ബന്ധത്തിന്റെ വിഷയങ്ങളും. ഇവിടെ ജീവിക്കുന്ന റഷ്യക്കാരുടെ വികാരം ഇപ്പോഴും റഷ്യക്കൊപ്പമാണ്.

അതിനാല്‍ തന്നെ ഡൊണാക്സ്, ലുഹാന്‍സക്, ഹേഴ്സണ്‍, സെപൊറീഷ്യ പ്രവിശ്യകളെ റഷ്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. റഷ്യയെ സംബന്ധിച്ച് ഈ പ്രദേശങ്ങള്‍ ഏതുനിലയിലുള്ള കരയാക്രമണങ്ങളിലും തന്ത്രപരമായൊരു സംരക്ഷിതമേഖല തന്നെയാണ്. ഇനി ഈ പ്രദേശങ്ങളെ കേന്ദ്രമാക്കിയായിരിക്കും യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ സൈനിക താല്‍പ്പര്യങ്ങള്‍ കൂടുതല്‍ പടിഞ്ഞാറേയ്ക്ക് നീളുക.

Leave a Reply

Your email address will not be published. Required fields are marked *