ആരാണ് ശാന്തി കുമാര്‍ ധരിവാള്‍?

    ധരിവാൾ രാജസ്ഥാനിൽ ഹൈക്കമാൻഡിൻ്റെ തിട്ടൂരം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു. ഒറ്റയ്ക്കൊറ്റക്ക് എം.എൽ.എമാരെ കണ്ട് ഹൈക്കമാൻഡിൻ്റെ ഇഗിംതം നടപ്പിലാക്കാൻ പക്ഷെ നിരീക്ഷകർക്ക് കഴിഞ്ഞില്ല. തടസ്സം നിന്നത് ശാന്തി കുമാർ ധരിവാൾ. ഹൈക്കമാൻഡ് നിരീക്ഷകരെ മുട്ടുകുത്തിച്ച ധരിവാൾ ആരാണ്.

ആരടാ എന്ന് ചോദിച്ചാല്‍ എന്തെടായെന്ന് തിരിച്ചു ചോദിക്കാന്‍ ശേഷിയുള്ള രാജസ്ഥാനിലെ ഏക കോണ്‍ഗ്രസ് നേതാവ്. അതിപ്പോള്‍ ഏതു ഹൈക്കമാന്‍ഡിനോടായാലും ശാന്തി ധരിവാള്‍ ചോദിച്ചിരിക്കും. അതാണ് രാജസ്ഥാനില്‍ സംഭവിച്ചതും. അശോക് ഗഹ്ലോട്ടിന്റെ സൗമ്യമുഖത്തിന്റെ ക്ഷോഭങ്ങളെല്ലാം ശാന്തി ധരിവാളിലൂടെയാണ് പ്രകാശിതമാകുന്നത്. ഗഹ്ലോട്ടിന്റെ വിശ്വസ്തനല്ല, മനസ്സാണ് ധരിവാള്‍. ആന്റണിക്ക് ഉമ്മന്‍ചാണ്ടിയേപ്പോലെ! ഗഹ്ലോട്ട് മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രികൂടിയാണ് ധരിവാള്‍. നേരത്തെ സച്ചിന്‍ പൈലറ്റ് 22 എം.എല്‍.എമാരെ ഒപ്പം കൂട്ടി മുഖ്യമന്ത്രിസ്ഥാനത്തിന് വിലപേശിയപ്പോള്‍ 102 എം.എല്‍.എമാരെ നായ്ക്കും നരിക്കും കൊടുക്കാതെ കാത്തത് ധരിവാളിന്റെ കാര്‍ക്കശ്യം ഒന്നുമാത്രമായിരുന്നു. ബി.ജെ.പി വട്ടമിട്ട് പറന്നിട്ടും ഒരാളെയും റാഞ്ചിയെടുക്കാന്‍ സാധിച്ചില്ല.

ബി.ജെ.പിക്ക് തലവേദനയാണ് ശാന്തി ധരിവാള്‍. വസുന്ധരാ രാജെ സിന്ധ്യ ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ പ്രമുഖനേതാക്കളുടെയും പടനിലമായ കോട്ട ഡിവിഷനില്‍ നിന്നുള്ള നേതാവാണ് ശാന്തി കുമാര്‍ ധരിവാള്‍. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ഇതേ പ്രദേശക്കാരനാണ്. കോട്ടയിലെ കോണ്‍ഗ്രസ് കോട്ടയുടെ കാവല്‍ക്കാരന്‍ കൂടിയാണ് ധരിവാള്‍.

 

Leave a Reply

Your email address will not be published. Required fields are marked *