പിണറായിയുടെ രക്ഷകന്‍ ലോകായുക്തയ്ക്ക് അകത്തുതന്നെ

    പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം തെറിപ്പിക്കുന്ന ആ ഒരൊപ്പ് ഇടാതെ ആരാണ് ലോകായുക്ത വിധിപ്രസ്താവം നീട്ടിക്കൊണ്ടു പോകുന്നത്? പിണറായിയെ സംരക്ഷിക്കുന്നത് ആരാണ് ?

ലോകായുക്ത വിധി മുഖ്യമന്ത്രി പിണറായി വിജയന് എതിരായിരിക്കും. വിധി
എതിരാകുമ്പോള്‍ സ്വാഭാവികമായും പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം
രാജിവയ്‌ക്കേണ്ടി വരും. ഇക്കാര്യത്തിലെങ്കിലും പിണറായി ജലീലിൻ്റെ
പിന്‍ഗാമിയാകേണ്ടി വരും. നിലവിലെ ഈ ഗുരുതര സാഹചര്യം ആരാണ്
തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. ഒരു സംശയവും വേണ്ട. ലോകായുക്ത
തന്നെ.

ദുരിതാശ്വാസ നിധിയില്‍ സ്വജനപക്ഷപാതവും ക്രമക്കേടും കാട്ടിയെന്ന
പരാതിയാണ് ലോകായുക്ത വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നത്. 2022
മാര്‍ച്ച് 15ന് അവസാന ഹിയറിംഗ് പൂര്‍ത്തിയായി. ഇനി വിധി പറഞ്ഞാല്‍
മതി. വിധി പറയാന്‍ ഒരേയൊരു കടമ്പ മാത്രം ബാക്കി. ഒരു ഒപ്പ്.
പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം തെറിപ്പിക്കുന്ന ആ ഒപ്പ് ഇടാതെ
ആരാണ് വിധിപ്രസ്താവം നീട്ടിക്കൊണ്ടു പോകുന്നത്. പിണറായിയെ
സംരക്ഷിക്കുന്നത്.

രണ്ടു ന്യായാധിപന്മാരാണ് വാദം കേട്ടത്. അതുകൊണ്ട് ആളെ കണ്ടെത്താന്‍
പ്രയാസമില്ല. ജസ്റ്റിസ് സിറിയക് തോമസ്, ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ്
എന്നിവരാണ് വിധി പറയേണ്ട രണ്ടുപേര്‍. ജലീലിനെതിരെ വിധി പറഞ്ഞതും ഇതേ രണ്ടുപേര്‍ തന്നെ. അപ്പോള്‍ മന്ത്രിസ്ഥാനം തെറിപ്പിക്കുന്നത് ഇരുവര്‍ക്കും പുത്തരിയല്ല. എന്നിട്ടും ഇപ്പോഴെന്തേ ഒരാള്‍ ഒപ്പിടാന്‍ മടിക്കുന്നു. ആരാണ് അയാള്‍.

ജലീലിനെതിരെ വിധി പുറപ്പെടുവിച്ചത് രണ്ടുപേരും ചേര്‍ന്നാണെങ്കിലും
ജലീല്‍ വാളെടുത്തത് സിറിയക് ജോസഫിനു നേര്‍ക്ക് മാത്രമായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിൻ്റെ അവസാന നാളുകളില്‍ത്തന്നെ ജലീലിൻ്റെ വിധി
എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു തൊട്ടുമ്പ് ആ
വിധി വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്. തുടര്‍ഭരണം
കിട്ടില്ലായിരുന്നു. അപ്പോള്‍ സര്‍ക്കാരിൻ്റെ രക്ഷകനാകാന്‍ ലോകായുക്തയിലെ
ആരെങ്കിലും സവിശേഷ താല്പര്യം കാട്ടിയെന്നു പറഞ്ഞാല്‍ തെറ്റില്ല.
അതേ രക്ഷാകരം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന് അനുമാനിക്കുന്നതിലും
തെറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *