നിമിഷപ്രിയയുടെ മോചനം;കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നൽകി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: യെമൻപൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്.ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് നല്‍കിയത്.രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം.നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് ശരിഅത്ത് നിയമ പ്രകാരം മാത്രമേ ഇനി മോചനം ലഭിക്കൂ.ഇതിനായി യെമനിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ 2016 മുതൽ ഇന്ത്യക്കാർക്ക് യെമനിലേക്ക് സഞ്ചരിക്കുന്നതിന് വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നയതന്ത്രതലത്തില്‍ ഇടപെടല്‍ വേണമെന്ന് നിമിഷപ്രിയയുടെ അമ്മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശരിഅത്ത് നിയമ പ്രകാരമുളള ബ്ലഡ് മണി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു.

തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്.ഇതിനായാണ് നിമിഷ പ്രിയയുടെ അമ്മ കോടതിയെ സമീപിച്ചത്.നിരവധി തവണ അപേക്ഷിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെന്നും നിമിഷപ്രിയയുടെ അമ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ അതിനുശേഷവും ഇതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *