ഭർത്താവിന്റെ മരണത്തിൽ സംശയമുണ്ടെന്ന ഭാര്യയുടെ പരാതി;മൂന്ന് മാസം മുൻപ് മരിച്ച റിട്ട.പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി….

നേമം: ഭർത്താവിന്റെ മരണത്തിൽ സംശയമുണ്ടെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് മൂന്ന് മാസം മുൻപ് മരിച്ച റിട്ട.പോലീസ് ഉദ്യോഗസ്ഥൻ ബാലരാമപുരം കോഴോട് ചിറയിൽവിള പുത്തൻവീട്ടിൽ സുരേന്ദ്രന്റെ (62) മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.മരിച്ച സുരേന്ദ്രന്റെ ഭാര്യ ആലപ്പുഴ സ്വദേശി ശരണ്യയുടെ പരാതിയിൽ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂൺ പതിനേഴിനാണ് സുരേന്ദ്രൻ മരിച്ചത്.മരണ സമയത്ത് മറ്റ് പരാതികൾ ഒന്നും തന്നെയില്ലായിരുന്നു.സുരേന്ദ്രന്റെ കുടുംബ വീടിനോട് ചേർന്നാണ് സംസ്കരിച്ചിരുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് പത്രണ്ടു മണിയോടെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടി വൈകിട്ട് മൂന്ന് മണിയോടെയാണ് അവസാനിച്ചത്.

മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.എഎസ്പി ഫറാഷ്, ബാലരാമപുരം എസ്എച്ച്ഒ ഡി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംരക്ഷണയിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *