ദേശീയ ഗെയിംസ്; വോളിബോള്‍ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തിന് കത്തെഴുതി കായികമന്ത്രി

തിരുവനന്തപുരം: ഗോവയില്‍ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസില്‍ നിന്ന് വോളിബോളിനെ ഒഴിവാക്കാനുള്ള തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രിക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റിനും കത്തെഴുതി.വോളിബോള്‍ ഫെഡറേഷനിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു.നിലവില്‍ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് ചുമതല.

എന്നാല്‍, ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുള്ള 8 ടീമുകളെ തെരഞ്ഞെടുക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിയ്ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് വോളിബോള്‍ ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവായതെന്നാണ് വാദം.ലോകത്തെ ഏറ്റവും പ്രചാരമുള്ളതും പ്രാധാന്യമുള്ളതുമായ കായിക ഇനമാണ് വോളിബോള്‍.കായികമേഖലയിലെ പ്രമുഖ രാജ്യങ്ങളെല്ലാം വോളിബോളിന് നല്ല പരിഗണന നല്‍കുന്നുണ്ട്.ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര കായികമേളകളിലെ പതിവ് ഇനമാണിത്.കേരളം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോളിബോളിന് നല്ല വേരോട്ടമുണ്ട്.

ജിമ്മി ജോര്‍ജ്ജിനെ പോലുള്ളവര്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ന്ന മലയാളി താരങ്ങളാണ്.കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് പുരുഷ, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണ്ണം ലഭിച്ചിരുന്നു.വോളിബോള്‍ ഒഴിവാകുമ്പോള്‍ ഉറച്ച മെഡലിനുള്ള അവസരമാണ് നഷ്ടമാകുന്നത്. വോളിബോള്‍ എന്ന കായികഇനത്തിന്റെ പ്രാധാന്യം പരിഗണിച്ച് ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *