സമരം അവസാനിപ്പിച്ച് ഷാജിമോന്‍;തീരുമാനം മൂന്ന് രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന ഉറപ്പിൽ

മാഞ്ഞൂര്‍: സമരം അവസാനിപ്പിച്ച് ഷാജിമോന്‍.കോട്ടയം മാഞ്ഞൂരിൽ പ്രവാസി വ്യവസായി നടുറോഡില്‍ നടത്തിയ സമരം അവസാനിപ്പിച്ചു.നേരത്തെ ആറ് രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന പഞ്ചായത്ത് മൂന്ന് രേഖകള്‍ ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ ഇട്ടുനല്‍കാമെന്നു പറഞ്ഞ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഷാജിമോന്‍ സമരം അവസാനിപ്പിച്ചത്.മോന്‍സ് ജോസഫ് എംഎല്‍എയും മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലെത്തി നടത്തിയ ഉന്നത കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

25 കോടി രൂപ നിക്ഷേപം നടത്തിയ പദ്ധതിക്ക് കെട്ടിട നമ്പര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സംരംഭകന്‍ ഷാജിമോന്‍ ജോര്‍ജ്ജ് സമരവുമായി രംഗത്ത് എത്തിയത്.കൈക്കൂലി നല്‍കാത്തതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് മാഞ്ഞൂര്‍ പഞ്ചായത്ത് അധികൃതര്‍ എന്നായിരുന്നു പ്രവാസി വ്യവസായിയുടെ ആരോപണം.എന്നാല്‍ കൈക്കൂലിയുടെ പേരിലല്ല,മറിച്ച് ചില രേഖകള്‍ ഹാജരാക്കാത്തതാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തതിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാഞ്ഞൂര്‍ പഞ്ചായത്ത് പരിധിയിലാണ് പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ്ജ് 25 കോടി രൂപ മുതല്‍ മുടക്കി ബിസ്സാ ക്ലബ് ഹൗസ് എന്ന സ്‌പോര്‍ട്‌സ് വില്ലേജ് ആരഭിച്ചത്.നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ പല തവണയായി മാഞ്ഞൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു,വിദേശമദ്യവും പണവുമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.ശല്യം സഹിക്കവയ്യാതെ ആയപ്പോള്‍ ഷാജിമോന്‍ വിജിലന്‍സിനെ അറിയിച്ചശേഷം കൈക്കൂലി നല്‍കുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരായ പഞ്ചായത്ത് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി ഷാജിമോന്‍ നിരവധി തവണ പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും പഞ്ചായത്ത് അനുകൂല നിലപാട് എടുത്തില്ല.ഓരോ കാരണങ്ങള്‍ പറഞ്ഞ് ഷാജിമോനെ മടക്കി അയച്ചു.തുടർന്നാണ് പഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ സത്യഗ്രഹ സമരം നടത്താന്‍ പ്രവാസി വ്യവസായി തീരുമാനിച്ചത്.രാവിലെ കെട്ടടത്തിന്റെ കാര്‍പോര്‍ച്ചില്‍ സത്യഗ്രഹസമരം ആരംഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *