ആറു മലയാളിയുടെ നൂറു മലയാളം

    തിരക്കഥയിൽ എഴുതി വച്ചത് അതേ പടി വായിക്കുന്ന ആദ്യകാല ശൈലിയിൽ നിന്നും ഉള്ള മലയാള സിനിമയുടെ യാത്ര ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. മലബാർ മലയാളം, വള്ളുവനാടൻ മലയാളം, തിരുവനന്തപുരം മലയാളം, മലയാളങ്ങൾ നിരവധിയാണ്. മലയാള സിനിമയിലെ പ്രാദേശിക ഭേദങ്ങളിലൂടെ.

മലയാള സിനിമയിൽ നിന്ന് കോടമ്പാക്കത്തിൻ്റെ ചൂടും ചൂരുമെല്ലാം ആറിക്കഴിഞ്ഞിരിക്കുന്നു. കുട്ടിക്കാനവും മദ്രാസുമെല്ലാം വിട്ട് മലയാള സിനിമ പുതുവഴികൾ തേടുകയാണ്.
മലയാള സിനിമ ശബ്ദിച്ചു തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടുകളാവുന്നു. ശബ്ദം കൊണ്ടും ശൈലി കൊണ്ടും മലയാള സിനിമ അടയാളപ്പെടുത്തിയത് അഭിനേതാക്കളെ മാത്രമല്ല, ഭാഷാവൈവിധ്യങ്ങളെ കൂടിയാണ്. ആറു മലയാളിക്ക് നൂറു മലയാളമുള്ള നാടിൻ്റെ ഭാഷാ സ്വത്വത്തെ സ്വാംശീകരിക്കുക എന്നത് ചെറിയ കാര്യമല്ല.

അക്ഷരാർത്ഥത്തിൽ സിനിമാ ഫാക്ടറികളായിരുന്ന സ്റ്റുഡിയോകളുടെ സിനിമാകാലത്ത് വെള്ളിത്തിരയിലെ ഭാഷ അജൈവികമായിരുന്നു. നാടകങ്ങളിൽ കണ്ടു വന്നിരുന്ന മെലോഡ്രാമറ്റിക് ശൈലിയാണ് ഇവയിൽ കാണാൻ കഴിയുക. നാടിനും കാലത്തിനും അനുസരിച്ചുള്ള  ഭേദങ്ങൾ ഈ ഭാഷയിൽ കടന്നു വന്നിരുന്നില്ല. 1945 ൽ പുറത്തിറങ്ങിയ ‘നീലക്കുയിലി’ൽ , ‘എല്ലാരും ചൊല്ലണ് ‘ എന്ന് പാടിയ നീലിപ്പെണ്ണ്  ശ്രീധരൻ നായരോട് സംസാരിക്കുന്നത് സംസ്കരിക്കപ്പെട്ട മലയാളത്തിലാണ്. തിരുവനന്തപുരത്തിൻ്റെ പശ്ചാത്തലത്തിൽ എടുത്ത പ്രേം നസീറിൻ്റെ ‘നദി’യിൽ കഥ ഒഴുകുന്നത്.അച്ചടി മലയാളത്തിലാണ്. ഇതേ പശ്ചാത്തലത്തിൽ കഥ പറയുന്ന ഷീലയുടെ ‘കള്ളിച്ചെല്ലമ്മ’യും പ്രാദേശിക ഭാഷാഭേദത്തെ പ്രയോജനപ്പെടുത്തിയില്ല.

സ്റ്റുഡിയോ വിട്ടിറങ്ങിയ മലയാള സിനിമ പിന്നെ തമ്പടിച്ചത് മധ്യ തിരുവിതാംകൂറിനപ്പുറമാണ്. ദേശാന്തരത്തോടെ ഭാഷയുടെ പ്ലാസ്റ്റിസിറ്റിയിലും കുറവു വന്നെങ്കിലും ഭാഷയെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കാൻ ഇവയും ശ്രമിച്ചില്ല . രാജ്യാന്തര തലത്തിൽ മലയാളത്തിന് അഭിമാനമായ ചെമ്മീനിലൂടെ എസ് എൽ പുരം സദാനന്ദനാണ് ആദ്യമായി ഇതിനൊരു മാറ്റം കുറിച്ചത്. അൽപം വക്രീകരിച്ചാണെങ്കിലും , പിൽക്കാലത്ത് ‘കടാപ്പുറം’ ഭാഷ എന്നറിയപ്പെട്ട തീരദേശ ഭാഷയ്ക്ക് അദ്ദേഹം മലയാള സിനിമയിൽ ഇടം നൽകി. അടൂരിൻ്റെയും പത്മരാജൻ്റെയും ശ്രീകുമാരൻ തമ്പിയുടെയും കടന്നു വരവോടെ മലയാള സിനിമ ഓണാട്ടുകരയുടെ  ഭാഷ പറയാൻ തുടങ്ങി. .കഥകളിലെ പോലെ തിരക്കഥകളിലും സ്വദേശമായ മുതുകുളത്തിൻ്റെ ഭാഷ പകർന്നു വച്ച പത്മരാജൻ , ആ കഥാപരിസരങ്ങളുടെ  നാടൻ ചന്തം സംഭാഷണങ്ങളിലും നിറച്ചുവച്ചു.  അടൂരിൻ്റെ സിനിമകൾ കഥയുടെ നാട്ടുസംസ്കാരം കൂടി ഭാഷയിൽ  ചേർത്തു വച്ചു. മെലോ ഡ്രാമ നിറഞ്ഞ സംഭാഷണം നാട്ടുഭാഷയുടെ ചാരുത നേടിയെടുത്തതിൻ്റെ കഥ ഇങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *