മലയാള സിനിമയുടെ മനോഹര വര്‍ഷം

അനീഷ എം എ

ലയാള സിനിമയുടെ പ്രസരിപ്പ് ഏറെ ആഴത്തിലും പരപ്പിലും തിളങ്ങി നിന്ന ഒരു വര്‍ഷമായിരുന്നു 2023.പതിവ് മസാലപടങ്ങളില്‍ നിന്ന് കലാമൂല്യമുളള ചിത്രത്തിലേക്കുളള
മലയാള സിനിമയുടെ ചലനം അടയാളപ്പെടുത്തിയ സുവര്‍ണ്ണ വര്‍ഷം.അഭിനയ മികവ് കൊണ്ടും പറഞ്ഞ് വെക്കുന്ന മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കൊണ്ടും മലയാള സിനിമ അതിര്‍ത്തികള്‍ക്കപ്പുറം വിസ്മയമായി മാറി.ഓരോ ചിത്രങ്ങളുടെയും സ്യഷ്ടി ലോകത്തിന്റെ വിവിധ കോണിലിരുന്ന് മനുഷ്യരാശി ഉറ്റ് നോക്കി.

സിനിമ മനുഷ്യന്റെ തന്നെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നതെന്ന വാക്കിനെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു 2023-ലെ ചിത്രങ്ങള്‍.അതില്‍ ഏറ്റവും മികച്ചതായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ ‘2018’.കേരളകരയെ മൊത്തതില്‍ പിടിച്ച് കുലുക്കിയ 2018-ലെ വെളളപ്പൊക്കത്തിന്റെ കഥ പറഞ്ഞ ചിത്രത്തെ വലിയ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.ശ്വാസം അടക്കിപ്പിടിച്ചും നിറഞ്ഞ കണ്ണുകളോടെയുമാണ് മലയാളികള്‍ ചിത്രം കണ്ടിറങ്ങിയത്.നമ്മള്‍ കടന്നു പോന്ന പ്രളയകാലഘട്ടത്തെ അത്രയും ഹ്യദയ സ്പര്‍ശിയായാണ് ജൂഡ് അവതരിപ്പിച്ചത്.ടൊവിനോ,ആസിഫ് അലി,കുഞ്ചാക്കോ ബോബന്‍,അപര്‍ണ ബാലമുരളി തുടങ്ങി വലിയതാരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

മമ്മൂട്ടി എന്ന നടന്റെ അഭിനയ തികവ് അരങ്ങ് തീര്‍ത്ത വര്‍ഷമാണ് 2023.ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആ അഭിനയ തികവിന് വീണ്ടും അവസരമൊരുക്കി.സൂക്ഷ്മാഭിനയത്തിന്റെ എല്ലാ തലങ്ങളും ഭേദിച്ച് കാണികളില്‍ വിസ്മയമാകാന്‍ മലയാളത്തിന്റെ മഹാനടന് സാധിച്ചു.അഭിനേതാവെന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും വിജയിക്കാന്‍ അദ്ദേഹത്തിനായി.ഉച്ചമയക്കത്തിലെ സ്വപ്‌നം പോലോരു സിനിമ എന്നാണ് സംവിധായകന്‍ സത്യന്‍ അന്തികാട് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.ചോളവയലുകളും ഗ്രാമവാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന കൊച്ചുവീടുകളും,രാപകല്ലില്ലാതെ അലയട്ടിക്കുന്ന തമിഴ്പാട്ടുകളും വേറിട്ടൊരു കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തി ബോക്‌സ് ഓഫീസ് പിടിച്ച് കുലുക്കിയ ‘കണ്ണൂര്‍ സ്‌ക്വഡ്’ ഈ വര്‍ഷത്തെ മറ്റൊരു വമ്പന്‍ ഹിറ്റായിരുന്നു.കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും ആസ്വാദനതലത്തെ ത്യപ്തിപ്പെടുത്തിയെ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി, റോണി ഡെവിഡ്,ശബരിഷ് വര്‍മ്മ,അസീസ്സ് എന്നിവരാണ് നാലാംഗ അന്വേഷണ സംഘമായി എത്തിയത്.ഇവരുടെ സാഹസികത നിറഞ്ഞ യാത്ര ഏറെ സര്‍പ്രെസിങ്ങ് എലമെന്റുകള്‍ ഒളിപ്പിച്ചാണ് കാണികള്‍ക്കിടയിലേക്ക് എത്തിയത്.സ്ഥിരം ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ചിത്രത്തില്‍ നിന്ന് മാറി നിന്നുളള അവതരണ മികവ് ‘കണ്ണൂര്‍ സ്‌ക്വഡിനെ’ 2023-ലെ മാത്രമല്ല എക്കാലത്തെയും മികച്ച മലയാള ചിത്രമാക്കുന്നു.

കോടികള്‍ മുടക്കി സിനിമ നിര്‍മ്മിക്കുന്ന കാലഘട്ടത്തില്‍ ചെറിയ ബഡ്ജറ്റില്‍ ഇറങ്ങി പ്രേക്ഷകരെ കുടു കുടു ചിരിപ്പിച്ച കോമഡി ഹൊറര്‍ വിജയ ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘രോമഞ്ചം’.സൗഹ്യദങ്ങളുടെയും നര്‍മ്മത്തിന്റെയും രസച്ചരടില്‍ കോര്‍ത്ത ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടത്തിയത്.ചിത്രത്തിനൊപ്പം സൂശീന്‍ ശ്യാം സംഗീതം നല്‍കിയ ഗാനങ്ങളും മലയാളികള്‍ ഏറ്റുപാട്ടി.സൗബിന്‍ സാഹില്‍,അര്‍ജുന്‍ അശോകന്‍,ചെമ്പന്‍ വിനോദ്,സജിന്‍ ഗോപു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഏകദേശം 64 കോടിയാണ് ‘രോമഞ്ചം’ വാരിക്കുട്ടിയത്.

വലിയ ചര്‍ച്ചകളോ പ്രേമോഷനോ അവകാശ വാദങ്ങളോ ഒന്നുമില്ലാതെ വന്ന് പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ് സമ്മാനിച്ച ചിത്രമാണ് ‘ആര്‍.ഡി.എക്‌സ്’.ഓണത്തിന് തീയറ്ററില്‍ വലിയ വിജയം പ്രതീക്ഷിച്ചെത്തിയ ചിത്രങ്ങളെ തിയറ്റില്‍ നിന്ന് അടിച്ചോടിച്ച ഈ ഇടി പടം ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നാണ്. റോബര്‍ട്ട്,റോണി,സെവ്യര്‍ എന്ന മൂന്ന് കൂട്ടുകാരുടെ കഥ പറഞ്ഞ ചിത്രം സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.ഷെയ്ന്‍ നിഗം എന്ന നടന്റെ അഭിനയ മികവിനൊപ്പം ആന്റണി വര്‍ഗീസ്,നീരജ് മാധവ് എന്നിവരുടെ മികച്ച പ്രകടനവും സിനിമയെ വലിയ വിജയത്തിലേക്ക് എത്തിച്ചു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു.

പ്രേക്ഷകരെ പുതിയ സിനിമാസ്വാദന തലത്തിലേക്ക് നയിക്കാനും അവയെ വിമര്‍ശിക്കാനും കഴിയുന്ന ഒരു തലമുറയാണ് ഇവിടെ സ്യഷ്ട്ടിക്കപ്പെടുന്നത്.സിനിമയുടെ വര്‍ണ്ണ കാഴ്ച എന്ന ആശയത്തില്‍ നിന്ന് മാറി മനുഷ്യന്റെ ജീവിത യഥാര്‍ത്ഥ്യത്തിലേക്കാണ് നിലവില്‍ സിനിമ സഞ്ചരിക്കുന്നത്.ഒപ്പം മാസും ക്ലാസ്സും ഇഷ്ടപ്പെടുന്ന പ്രേക്ഷക സമൂഹത്തെയും സിനിമ ത്യപ്തിപ്പെടുത്തുന്നു.ഉയര്‍ന്ന നിലവാരത്തിലുളള പ്രമേയങ്ങളും,മികച്ച അഭിനേതാകളും,കഥാമൂല്യമുളള കലാസ്യഷ്ടികളും സമ്മാനിച്ച് 2023-ല്‍ മലയാള സിനിമ മികവിന്റെ പാതയിലാണ് സഞ്ചാരം നടത്തിയത്.കൂടുതല്‍ ദ്രുതഗതിയില്‍ വരും വര്‍ഷങ്ങളിലും അ യാത്ര തുടരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *