ഹൃദയഭൂമിയിൽ ബിജെപിയും കോൺ​ഗ്രസും നേർക്കുനേർ

നിയമസഭാ തിരഞ്ഞെടുപ്പിൽ പരമ്പരാ​ഗതമായി ബിജെപിയും കോൺ​ഗ്രസും നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.കഴിഞ്ഞ നാലു നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2023ൽ സംസ്ഥാനത്തെ രാഷ്ട്രീയം അൽപം വിഭിന്നമെന്ന് പറയാം. ഇത്തവണത്തെ പ്രചാരണത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബിജെപി ആരെയും ഉയർത്തിക്കാട്ടുന്നില്ല.പകരം 18 വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നു. കോൺ​ഗ്രസാകട്ടെ യുവാക്കളുടെ തൊഴിൽ ഇല്ലായ്മ, വിലക്കയറ്റം,അഴിമതി, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ ബിജെപിക്കെതിരെ ആയുധമാക്കുന്നു.

കൂടാതെ വോട്ടർമാരെ കൂടെ നിർത്താൻ അധികാരത്തിലെത്തിയാൽ നൽകാൻ ഉദ്ദേശിക്കുന്ന സൗജന്യങ്ങളുടെ നീണ്ട പട്ടികയും ഇരുപാർട്ടികളും പുറത്തിറക്കി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി ശക്തികേന്ദ്രമായി മധ്യപ്രദേശ് മാറി.നിരവധി തിരഞ്ഞെടുപ്പുകളും പാർട്ടിയിവിടെ ജയിച്ചു. 2018 മുതൽ 15 മാസത്തെ ചെറിയ കാലയളവിൽ കോൺ​ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നു.ജോത്യതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എംഎൽഎമാർ കോൺ​ഗ്രസിൽനിന്ന് ബിജെപിയിലേക്ക് മാറിയതോടെ സർക്കാർ വീണു. ഇതൊഴിച്ചാൽ മിക്കവാറും ബിജെപിയായിരുന്നു അധികാരത്തിൽ. 2018ലെ നിയസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെയും 2019ലെ കോൺ​ഗ്രസ് സർക്കാരിന്റെ വീഴ്ചയുടെയും നിഴൽ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്നതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഏറ്റവും ജനകീയ മുഖം മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാനാണ്. പക്ഷെ വോട്ടമാർക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത കുറഞ്ഞു. അതുകൊണ്ടുതന്നെ 2018ൽനിന്ന് വേറിട്ട്, ഇപ്രാവശ്യം സംസ്ഥാന നേതൃത്വം എന്നത് കൂട്ടായ നേതൃത്വമാണ്. ബിജെപിയുടെ പ്രചാരണത്തിന് കേന്ദ്രനേതൃത്വം ചുക്കാൻ പിടിക്കുന്നു. ഭരണവിരുദ്ധവികാരം മറികടക്കാനുള്ള ശ്രമം എന്ന സന്ദേശം കൂടി ഈ നീക്കം നൽകുന്നു. 18 വർഷം ഭരണത്തിലിരുന്ന പാർട്ടിയെന്ന നിലയിൽ മറ്റ് പ്രശ്നങ്ങളും ബിജെപിക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. അതാണ് മണ്ഡലതലത്തിലുള്ള പാർട്ടിയിലെ ചേരിതിരിവ്. ഏകദേശം എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളായതോടെ തമ്മിൽതല്ല് മറനീക്കി.

കഴിഞ്ഞവട്ടം ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിട്ടിരുന്നു. ബിജെപിയുടെ 13 മന്ത്രിമാരുൾപ്പെടെ 58 എംഎൽഎമാർ തോറ്റപ്പോൾ കോൺ​ഗ്രസിന്റെ 17 എംഎൽഎമാർക്ക് കാലിടറി. ഇത്തവണ 29 സിറ്റിം​ഗ് എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നൽകിയില്ല. എംഎൽമാർക്കും 2018ൽ തോറ്റവർക്കും സീറ്റ് നിഷേധിച്ചത് കോൺ​ഗ്രസിലും ബിജെപിയിലും കലഹങ്ങൾക്ക് കാരണമായിട്ടുണ്ട്. ഏഴ് മേഖലകളിലായി 230 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. ചമ്പൽ, ബുന്ദേൽഖന്ത്, വിന്ധ്യ മേഖലകളിൽ ബിഎസ്പിക്ക് സ്ഥിരം വോട്ടുബാങ്കുണ്ട്. ബാക്കി നാലിടത്ത് ഇരു ധ്രുവങ്ങളിലായി വോട്ടർമാർ നിൽക്കുന്നു. 2018ൽ ചമ്പൽ, മഹാകോശൽ, മാൽവ എന്നീ മേഖലകളിൽ കോൺ​ഗ്രസ് മികച്ച പ്രകടനം നടത്തി. ഈ തിരഞ്ഞെടുപ്പിലും മേഖലകളിലെ പ്രകടനം കാര്യങ്ങൾ നിശ്ചയിക്കും.

ലാഡ്ലി ബെഹ്ന യോജന പോലെ സ്ത്രീ ശാക്തീകരണ പദ്ധതികൾ നടപ്പാക്കി വോട്ട് ബാങ്ക് ശക്തിപ്പെടുത്താൻ ശിവരാജ് സിം​ഗ് ചൗഹാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ തൊഴിലില്ലായ്മ നേരിടുന്ന യുവാക്കൾ അസംതൃപ്തിയിലാണ്. കൃഷിയെ ആശ്രയിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. കർഷക അനുകൂല നടപടികൾ സ്വീകരിക്കുമ്പോഴും കൃഷിക്കു ചിലവേറുന്നു. കാർഷിക വിളകൾക്ക് മതിയായ വില കിട്ടാത്തത് ചെറുകിട, നാമമാത്ര കർഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അഴിമതി, തൊഴിലില്ലായ്മ, കർഷിക പ്രശ്‌നം തുടങ്ങിയവയ്‌ക്കൊപ്പം പട്ടിക വിഭാ​ഗങ്ങൾക്കെതിരായ അതിക്രമവും സൗജന്യ വാ​ഗ്ദാനങ്ങളും കോൺ​ഗ്രസ് ആയുധമാക്കുന്നു. ഹിമാചലിൽ ഉയർത്തിയ പഴയ പെൻഷൻ പദ്ധതിയും കോൺ​ഗ്രസിന്റെ ആവനാഴിയിലുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയ ഭൂമിയിലുണ്ടാക്കിയ ധ്രുവീകരണം കോൺ​ഗ്രസിനെ ആശങ്കപ്പെടുത്തുന്നു. ഒബിസി വിഭാ​ഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലാത്തത് കോൺ​ഗ്രസ് പ്രത്യേക അജണ്ടയായി ഉയർത്തുമ്പോൾ ബിജെപിക്ക് ആധിപത്യമുള്ള ഈ വിഭാ​ഗം തിരഞ്ഞെടുപ്പിൽ എങ്ങനെ വോട്ട് ചെയ്യുമെന്ന് ഉറ്റുനോക്കപ്പെടും. കഴിഞ്ഞ തവണ 47 എസ്ടി സീറ്റുകളിൽ 30 എണ്ണം കോൺ​ഗ്രസ് നേടി. ഈ തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങൾ നിർണായകമാണ്. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ നടക്കുക. വിമതശല്യം ഇരുകൂട്ടർക്കുമുള്ളതിനാൽ പലയിടത്തും അടിയൊഴുക്കുകൾ പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ഒരു പാർട്ടിയുടെയും തരം​ഗം തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *