സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അക്കാരണം കൊണ്ട് ഇനി പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കില്ല;ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയെ വിമർശിച്ച് സിപിഎം നേതാവ് എം സ്വരാജ്

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയെ വിമർശിച്ച് സിപിഎം നേതാവ് എം സ്വരാജ്.എല്ലാവര്‍ക്കും അറിയാവുന്ന നുണയെ സത്യമെന്ന നിലയില്‍ ആത്മകഥയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതായ് സ്വരാജ് തൻെറ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.കെഎസ്‌യുവിന്റെയും ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെയും അടിത്തറയായി മാറിയ പെരുംനുണ വീണ്ടും വസ്തുത എന്ന മട്ടില്‍ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.1967ൽ തേരവ കോളജില്‍ മുരളി എന്ന വിദ്യാര്‍ഥി ഹൃദയസ്തംഭനം മൂലം മരിച്ചത് പൊലീസ് മര്‍ദനത്തില്‍ ആണെന്ന മട്ടില്‍ പ്രചാരണം നടത്തിയത് ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ ആവര്‍ത്തിക്കുകയാണെന്ന് സ്വരാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്‍എന്‍ സത്യവ്രതന്റെ വാര്‍ത്ത വന്ന വഴി എന്ന പുസ്തകം ഉദ്ധരിച്ചുകൊണ്ടാണ് സ്വരാജിന്റെ പോസ്റ്റ്.എന്തുകൊണ്ടാണ് ജീവിത സായാഹ്നത്തിലെ ആത്മകഥാ രചനയില്‍ പോലും ചില മനുഷ്യര്‍ക്ക് സത്യസന്ധരാവാൻ കഴിയാതെ പോകുന്നതെന്ന് മന:ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്താവുന്ന വിഷയമാണ് എന്നും അദ്ദേഹം ആക്ഷേപ്പിച്ചു.മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഈയടുത്താണ് പുറത്തിറങ്ങിയത്.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ശ്രീ. സണ്ണിക്കുട്ടി എബ്രഹാമാണ് അത് എഴുതി പുസ്തക രൂപത്തിലാക്കിയത്.താൻ ഉമ്മൻ ചാണ്ടിയുടെ ആത്മകഥയെ വിലയിരുത്താനോ മാര്‍ക്കിടാനോ ഇവിടെ ശ്രമിക്കുന്നില്ല.എന്നാൽ ഒരു നുണ സത്യമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല എന്നും സ്വരാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

1967 ലെ കെ എസ് യു വിന്റെ സമരത്തെ മഹത്വവല്‍ക്കരിക്കുകയും പോലീസ് ഭീകരവേട്ട നടത്തിയെന്ന് ആരോപിക്കുകയും ചെയ്യുന്നത് വസ്തുതാപരമല്ലെങ്കിലും പൊറുക്കാവുന്നതേയുള്ളൂ.എന്നാല്‍ അതിനുമപ്പുറം ഒരു സമരത്തിലും പങ്കെടുത്തിട്ടില്ലാത്ത, സംഘടനാ പ്രവര്‍ത്തനവുമായി പുലബന്ധമില്ലാത്ത ടി കെ മുരളി എന്ന വിദ്യാര്‍ത്ഥി ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചതിനെ സമരവും ലാത്തിച്ചാര്‍ജുമായി ബന്ധിപ്പിച്ച്‌ ഇങ്ങനെയൊരു നുണക്കഥയുണ്ടാക്കി അവതരിപ്പിക്കുന്നത് പൊറുക്കാവുന്നതല്ല എന്നും അദ്ദേഹം തൻെറ കുറിപ്പില്‍ പറയുന്നു.സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അക്കാരണം കൊണ്ട് ഇനി പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കില്ലെന്നും, എല്ലാ കാലത്തും സത്യം കാണാമറയത്ത് തുടരില്ലെന്നും ശ്രീ. സണ്ണിക്കുട്ടി എബ്രഹാമിന് ഉമ്മൻ ചാണ്ടിയോടു പറയാമായിരുന്നില്ലേ എന്ന ചോദ്യം ‘കാലം സാക്ഷി’യെന്ന ആത്മകഥ വായിച്ചു തീരുമ്പോള്‍ അവശേഷിക്കുന്നു എന്നു പറഞ്ഞാണ് സ്വരാജ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *