കെ സുരേന്ദ്രനെ അടുപ്പിക്കാതെ കോഴിക്കോട്

    കെ സുരേന്ദ്രന് അപ്രഖ്യാപിത വിലക്ക് കല്‍പ്പിച്ച് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി. മലബാറില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികളില്‍ നിന്ന് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റി നിര്‍ത്തുന്നു. പകരം ഉദ്ഘാടകനായി എത്തുന്നത് എം ടി രമേശ്. പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയതയാണ് കാരണം. സുരേന്ദ്രനെതിരായ എതിര്‍പ്പ് വടക്കന്‍ കേരളത്തില്‍ പാര്‍ട്ടിക്കകത്ത് ശക്തമാണ്. ഇവിടെ ആധിപത്യം സ്ഥാപിക്കാനാണ് മറുവിഭാഗത്തിന്റെ ശ്രമം.

കോയിക്കോട്ട് പോയാല്‍ നല്ല ബിരിയാണി കിട്ടും. സഫയറില്‍ ചെന്നാല്‍ ചിക്കന്‍ ബിരിയാണി. റഹ്‌മത്തില്‍ ചൂട് ബീഫ് ബിരിയാണി. പക്ഷെ പോകാന്‍ പറ്റണ്ടേ, നമുക്കൊക്കെ എപ്പോള്‍ വേണമെങ്കിലും കോഴിക്കോട്ടേക്ക് പോകാം, ഏത് ബിരിയാണിയും കഴിക്കാം. പക്ഷെ, നേതാക്കളായാല്‍ അങ്ങിനെയല്ല. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും വിളിക്കണം. സംസ്ഥാന പ്രസിഡണ്ടൊക്കെ ആകുമ്പോള്‍ ജില്ലാ കമ്മിറ്റി ഔപചാരികമായി തന്നെ ക്ഷണിക്കണം. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ വിളിക്കണം. ജില്ലാ കമ്മിറ്റി തിരിഞ്ഞുനോക്കിയില്ലെങ്കിലോ, ഇതൊന്നും നടക്കില്ല. കോയിക്കോട്ടേക്ക് പോകാനേ പറ്റില്ല. ആര്‍ക്കാണ് ഈ ഗതികേട്, മറ്റാര്‍ക്കുമല്ല കോഴിക്കോട്ടുകാരന്‍ തന്നെയായ, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്.

ബിജെപിയിലെ തമ്മിലടിയും വിഭാഗീയതയും പുതിയ കഥയല്ല. എന്നാല്‍ സംസ്ഥാന പ്രസിഡണ്ട് തങ്ങളുടെ ജില്ലയില്‍ വരേണ്ടതില്ലെന്ന് ഒരു ജില്ലാ കമ്മിറ്റി രഹസ്യ തീരുമാനം കൈക്കൊള്ളുന്നത് ഇതാദ്യമായാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കൊന്നും ഇപ്പോള്‍ കെ സുരേന്ദ്രനെ വിളിക്കുന്നില്ല. പകരം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ എം ടി രമേശിനാണ് ആ റോള്‍.

Leave a Reply

Your email address will not be published. Required fields are marked *