ആരോ എഴുതിക്കൊടുത്ത ഒന്നല്ല, ഒപ്പം നിന്ന ഒരാളെ കുറിച്ചുള്ള ഓർമ്മ. ആരായിരുന്നു പിണറായിക്ക് കോടിയേരി?

    പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചിട്ടേയുള്ളൂ കോടിയേരി. മുന്നിൽ പോലീസായാലും പട്ടാളമായാലും നെഞ്ചും വിരിച്ചങ്ങ് നിൽക്കും. അതൊരു ധൈര്യമാണ്, വല്ലാത്തൊരു ചങ്കൂറ്റമാണ്. കണ്ണൂരിൻ്റെ കരുത്താണ്. എന്നാൽ ഒരാൾ മുന്നിലുള്ളപ്പോൾ മാത്രം അൽപ്പമൊന്ന് പിറകോട്ട് മാറിനിൽക്കും. മുന്നിൽ പിണറായി വിജയൻ ഉള്ളപ്പോൾ മാത്രം. ഒരനിയൻ്റെ വിനയം പാലിക്കൽ എന്നും സൂക്ഷിച്ചിട്ടുണ്ട് കോടിയേരി. അപ്പോഴൊക്കെ മനസ്സു കൊണ്ട് ചേർത്ത് നിർത്തിയിട്ടുമുണ്ട് പിണറായി.

സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് സംഭവിച്ചിരിക്കുന്നു. പക്ഷെ, സഖാവ് കോടിയേരിക്ക് മരിക്കാനാകില്ല. ഈ നാടിൻ്റെ, നമ്മുടെയാകെ ഹൃദയങ്ങളിൽ ആ സ്നേഹ സാന്നിദ്ധ്യം എന്നുമുണ്ടാകും.
സഖാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് മറ്റൊരു സഖാവ് പറഞ്ഞതാണ് ഈ വാക്കുകൾ. പറഞ്ഞത് മറ്റാരുമല്ല, കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ.
സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് സംഭവിച്ചിരിക്കുന്നു എന്നത് ഒരു മുഖ്യമന്ത്രിയുടെ, അല്ലെങ്കിൽ ഒരു രാഷ്ട്രീയ നേതാവിൻ്റെ പതിവ് അനുശോചന വാക്യമേയല്ല. അത് ഹൃദയത്തിൽ നിന്നും വരുന്നത്, ഉറ്റസൌഹൃദത്തിൻ്റെ ഇഴയടുപ്പത്തിൽ നിന്നും പിറന്നത്. അത്രയും പ്രിയപ്പെട്ട ഒരാളെ കുറിച്ച് മാത്രമെ ഇത്രയും വൈകാരികമായി പറയാനാകൂ. അതായിരുന്നു പിണറായിക്ക് കോടിയേരി. കോടിയേരിക്ക് പിണറായി.

കണ്ണൂരിലെ വീടുകൾ തമ്മിൽ 12 കിലോമീറ്റർ അകലം. എന്നാൽ അതിലേറെ അടുപ്പം ഇരുസഖാക്കൾ തമ്മിൽ. കോടിയേരിയിലെ ഓണിയൻ സ്ക്കൂളിൽ ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ചങ്ങാത്തമാണ്. അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസം കൂടുതൽ അടുപ്പിച്ചു. അന്ന് മർദ്ദനത്തിൽ പരിക്കേറ്റ പിണറായി വിജയൻ എംഎൽഎയെ ജയിലിൽ പരിചരിച്ചത് ബാലകൃഷ്ണൻ. വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രതിസന്ധിയുടെയും വെല്ലുവിളികളുടെയും നാളുകളിൽ ഒപ്പം നിന്ന് പാർട്ടിയെ നയിച്ച കൂട്ട്. അതിലൊരാൾ ഒറ്റക്ക് മടങ്ങുമ്പോൾ മറ്റേയാൾ എങ്ങിനെ വേദനിക്കാതിരിക്കും…

എണ്ണമറ്റ പോരാട്ടങ്ങൾ
അറസ്റ്റുകൾ
ലോക്കപ്പ് മർദ്ദനങ്ങൾ
തടവറ വാസങ്ങൾ തുടങ്ങി എന്തെല്ലാം.
ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം
വിട്ടുവീഴ്ചയില്ലാത്ത പാർട്ടിക്കൂറ്
കൂട്ടായ പ്രവർത്തനത്തിനുള്ള സന്നദ്ധത
എണ്ണിയെണ്ണി പറയുന്നു പിണറായി വിജയൻ പ്രിയ സഖാവിൻ്റെ മഹിമ.
ഒന്നുപോലും വെറുതെ പറയുന്നതല്ലെന്ന് ഓർക്കുന്നു രാഷ്ട്രിയ കേരളം.

പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചിട്ടേയുള്ളൂ കോടിയേരി. മുന്നിൽ പോലീസായാലും പട്ടാളമായാലും നെഞ്ചും വിരിച്ചങ്ങ് നിൽക്കും. അതൊരു ധൈര്യമാണ്, വല്ലാത്തൊരു ചങ്കൂറ്റമാണ്. കണ്ണൂരിൻ്റെ കരുത്താണ്. എന്നാൽ ഒരാൾ മുന്നിലുള്ളപ്പോൾ മാത്രം അൽപ്പമൊന്ന് പിറകോട്ട് മാറിനിൽക്കും. മുന്നിൽ പിണറായി വിജയൻ ഉള്ളപ്പോൾ മാത്രം. ഒരനിയൻ്റെ വിനയം പാലിക്കൽ എന്നും സൂക്ഷിച്ചിട്ടുണ്ട് കോടിയേരി. അപ്പോഴൊക്കെ മനസ്സു കൊണ്ട് ചേർത്ത് നിർത്തിയിട്ടുമുണ്ട് പിണറായി.

ആയതിനാൽ ആ അനുശോചനം ചരിത്രമാണ്. ആരോ എഴുതിക്കൊടുത്ത ഒന്നല്ല, അത്രയും സ്നേഹത്തോടെ ഒപ്പം നിന്ന ഒരാളെ കുറിച്ചുള്ള ഓർമ്മ. പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണൻ എരിഞ്ഞടങ്ങുമ്പോൾ കരുതലിൻ്റെ ഒരു കനൽ അപ്പോഴും ബാക്കിയുണ്ടാകും, പിണറായി വിജയൻ്റെ ഉള്ളിൽ.അതെ, ജയിലിൽ പണ്ട് പരിചരിച്ച പ്രിയ സഖാവിൻ്റെ ഓർമ്മകൾക്ക് മരണമില്ല. സഖാവെ ലാൽസലാം.

Leave a Reply

Your email address will not be published. Required fields are marked *