പുതുനേട്ടം സ്വന്തമാക്കി കൊച്ചി വാട്ടര്‍ മെട്രോ;ആറു മാസത്തിനുളളിൽ പത്ത് ലക്ഷം യാത്രക്കാർ….

കൊച്ചി: പുതുനേട്ടം സ്വന്തമാക്കി കൊച്ചി വാട്ടര്‍ മെട്രോ.സര്‍വീസ് തുടങ്ങി ആറു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് പത്ത് ലക്ഷം കവിഞ്ഞു.ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി.

സന്‍ഹ കുടുംബത്തോടൊപ്പം ഹൈ കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറിലാണ് യാത്ര ചെയ്യുന്നതെന്ന് അറിഞ്ഞത്.10 ലക്ഷം തികഞ്ഞ യാത്രക്കാരിയെന്ന നിലയിൽ സന്‍ഹയ്ക്ക് കെഎംആര്‍എല്‍ ഡയറക്ടര്‍ ഫിനാന്‍സ് എസ് അന്നപൂരണി, കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി.

കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബര്‍ 26ന് ആറ് മാസം പൂര്‍ത്തിയാകും.ആറു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ 10 ലക്ഷം പേര്‍ ഈ സേവനം ഉപയോഗിച്ച്‌ യാത്ര ചെയ്തത് വാട്ടര്‍ മെട്രോയ്ക്ക് നേട്ടമായി.12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍-ബോല്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് നിലവില്‍ സര്‍വീസ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *