ആളുകളെ കാണാതായ കേസുകളിലെ അന്വേഷണം ശക്തിപ്പെടുത്തണം

    ആളെ കാണാതായി എന്ന നിലയിൽ ലഭിച്ചൊരു പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച നരബലി പുറത്തെത്തിച്ചത്. ലഭ്യമാകുന്ന ഔദ്യോഗികവിവര പ്രകാരം കേരളത്തിൽ കാണാതായതായി പരാതി ലഭിച്ചിട്ടും ഇതുവരെ കണ്ടെത്താൻ കഴിയാതെ പോയ ആളുകളും കുട്ടികളുമുണ്ട്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം കേസുകളിൽ ഗൗരവമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന നരബലിക്കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ നൽകുന്ന സൂചന.

കേരളത്തെ ഞെട്ടിച്ച നരബലിയ്ക്ക് ഇരയാക്കപ്പെട്ടത് പിന്നാക്ക ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന സ്ത്രീകള്‍. നരബലിക്കായി കൊച്ചിയില്‍ നിന്നും കാലടയില്‍ നിന്നും തിരഞ്ഞെടുത്ത സ്ത്രീകളുടെ ജീവിത പശ്ചാത്തലം ഇതാണ് സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ ലോട്ടറി കച്ചവടം നടത്തിവന്ന പത്മ തമിഴ്നാട് സ്വദേശിനിയാണ്. കാലടിയില്‍ നിന്നും നരബലിസംഘം വലയില്‍ വീഴ്ത്തിയ റോസ്ലിനും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് താമസിച്ചിരുന്ന സ്ത്രീയാണ്. ഇരുവരും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നാക്കവസ്ഥയിലുള്ള സാഹചര്യത്തില്‍ നിന്നുള്ളവരാണ്.

മകളുമായി വഴക്കിട്ട് കാലടി മറ്റൂരില്‍ താമസിച്ച് വരികയായിരുന്നു റോസ്ലിന്‍. അമ്മയെ ജൂണ്‍ മാസം കാണ്മാനില്ലെന്ന വിവരമാണ് മകള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്തിരുന്ന മകള്‍ നാട്ടില്‍ തിരിച്ചെത്തി ആഗസ്റ്റ് മാസം 17നാണ് അമ്മയെ കാണ്‍മാനില്ല എന്ന പരാതി മകള്‍ കാലടി പൊലീസില്‍ നല്‍കുന്നത്. സെപ്തംബര്‍ 27 മുതലാണ് പത്മയെ കാണാതാവുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ കേരളത്തെ ഞെട്ടിച്ച നരബലിയുടെ വിവരങ്ങള്‍ പുറത്തെത്തിച്ചിരിക്കുന്നത്.

ട്രാക്ക് മിസിങ്ങ് ചൈല്‍ഡ് എന്ന ഔദ്യോഗിക സൈറ്റിലെ വിവരങ്ങള്‍ പ്രകാരം കേരളത്തില്‍ ആളുകളെ കാണാായ വിവരങ്ങളുടെ ഡാറ്റ ലഭ്യമാണ്. ഈ സൈറ്റിലെ വിവരപ്രകാരം കേരളത്തില്‍ നിന്നും 22128 പേരെ കാണാതായതാണ് പരാതി വന്നത്. ഇതില്‍ 16986 പേരെ കണ്ടെത്തിയതായും വിവരമുണ്ട്. എന്നാല്‍ കാണാതായവരില്‍ 5142 പേര്‍ എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് ഈ രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതിലും ദുരൂഹമാണ് കാണാതയാതായി പരാതിയുയര്‍ന്ന കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍. 5934 കുട്ടികളെ കാണാതായതായി പരാതി ഉയര്‍ന്നുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ 5146 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 788 കുട്ടികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 1275 കുട്ടികള്‍ കാണാതായി പരാതി ഉയന്നു, അതില്‍ 1188 കുട്ടികളെ പൊലീസ് കണ്ടെത്തി. 87 കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല വിവരമാണ് സെറ്റിലെ അപ്ഡേഷന്‍ പ്രകാരം മനസ്സിലാകുന്നത്.

സംസ്ഥാനത്ത് ആളുകളെയും കുട്ടികളെയും കാണാതായ കേസുകളില്‍ വളരെ ഗൗരവവും കാര്യക്ഷമമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നാണ് നരബലി കേസ് ചൂണ്ടിക്കാണിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *