സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാന ബജറ്റ്.പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കും.പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി പരിഗണിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികള്‍കൂടി പരിശോധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയുടെ ഒരു ഗഡു ഏപ്രിലില്‍ നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ ആറ് ഗഡുവാണ് കുടിശികയുള്ളത്.

അധികവിഭവ സമാഹരണത്തിനും ബജറ്റില്‍ നടപടികളുണ്ട്. കോടതി ഫീസുകള്‍ പരിഷ്‌കരിച്ചു. മോട്ടോര്‍ വാഹന നിരിക്കുകളിലും മാറ്റമുണ്ട്. എന്നാല്‍ ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല.അതേസമയം പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനുള്ള എക്‌സൈസ് തീരുവ കൂട്ടി. ലിറ്ററിന് പത്ത് രൂപയാണ് കൂട്ടിയത്.

ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും. പാട്ടഭൂമിക്ക് ന്യായവില അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഭൂനികുതി വരും. കേരള മുദ്രപത്ര നിയമത്തില്‍ ഭേദഗതി വരുത്തും. ടൂറിസ്റ്റ് ബസുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കും. ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കും.

200 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. കെഎസ്ഇബി ഉള്‍പ്പെടെയുള്ള വൈദ്യുതി ഉത്പാദകരുടെ തീരുവ കൂട്ടി. യൂണിറ്റിന് 1.2 പൈസയെന്നത് 15 പൈസയാക്കി. എന്നാല്‍ വൈദ്യുത നിരക്ക് കൂടില്ല. മദ്യനിര്‍മാണ കമ്പനി ലാഭത്തില്‍നിന്ന് അടയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു. ഗാലനേജ് ഫീസ് 5 പൈസയില്‍നിന്ന് 10 രൂപയാക്കി. 200 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *