അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം;ഭാര്യ നടത്തിയത് 85 ലക്ഷത്തിന്റെ ബിസിനസ് ഇടപാട്…

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡിയുടെ റിപ്പോര്‍ട്ട്.90 വയസ്സുള്ള അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 1,600 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനല്ലാതെ മറ്റു വരുമാനമൊന്നുമില്ല.എന്നാൽ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്.മാത്രമല്ല ഈ അക്കൗണ്ടിന്‍റെ നോമിനി തട്ടിപ്പുകേസിലെ മുഖ്യ പ്രതി വെളപ്പായ സതീശന്റെ സഹോദരൻ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി.

അരവിന്ദാക്ഷന്റെ പേരിലുള്ള 50 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപത്തിനു പുറമേയാണ് ഈ തുക അമ്മയുടെ അക്കൗണ്ടില്‍ വന്നത്.ഇതിന് പുറമേ 85 ലക്ഷം രൂപയുടെ ബിസിനസ് ഇടപാടാണ് അരവിന്ദാക്ഷന്റെ ഭാര്യ ഷീല അജിത്ത് മേനോൻ എന്ന എൻആര്‍ഐയുമായി നടത്തിയത്.ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.സതീശനെ സഹായിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്‍ 9340 നമ്പറിൽ അക്കൗണ്ട് തുറന്നു.

ഈ അക്കൗണ്ടിലെക്ക് സതീശന്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.കൂടാതെ അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് പലപ്പോഴായി സതീശന്‍, സഹോദരന്‍ ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടില്‍നിന്ന് ഭീമമായ തുക മാറ്റിയിട്ടുണ്ട്.അരവിന്ദാക്ഷനും സതീശനും ഇവർക്കൊപ്പം ചാക്കോ എന്നയാളും ചേര്‍ന്ന് 2013, 2014 വര്‍ഷങ്ങളില്‍ രണ്ടുതവണ വിദേശയാത്ര നടത്തിയിരുന്നു.വിദേശത്തെ സ്ഥലമിടപാടായിരുന്നു ലക്ഷ്യം.അരവിന്ദാക്ഷന്‍റെ വിദേശ സന്ദര്‍ശനങ്ങളിലും അന്വേഷണം നടക്കുമെന്ന് ഇഡി അറിയിച്ചു.അരവിന്ദാക്ഷനെയും ജില്‍സിനെയും സബ് ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *