കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ അനുവദിച്ചു;ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും. സ്‌ഫോടനത്തില്‍ ഇതുവരെ നാലു പേരാണ് മരിച്ചത്.ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) മോളി ജോയ് എന്നിവരാണ് മരിച്ച നാല് പേർ.ലിയോണ പൗ​ലോ​സ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.ചികിത്സയിൽ കഴിയവേയാണ് മറ്റ് മൂന്ന് പേർ മരിച്ചത്.

ഒക്ടോബർ 29നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്റർ ഹാളിലാണ് സ്ഫോടനമുണ്ടായത്.സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു.സ്‌ഫോടനം നടന്ന ഉടന്‍ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ ഉത്തരവാദിത്തമേറ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.യഹോവ സാക്ഷികളോടൊപ്പം ഏറെക്കാലം ഉണ്ടായിരുന്ന ഡൊമിനിക് മാര്‍ട്ടിന്‍ ഈ സമൂഹം ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് സ്‌ഫോടനം നടത്തിയത്.

ഇന്ന് നടന്ന മന്ത്രിസഭായോഗത്തിൽ പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 25 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിട്ടുനല്‍കാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാര്‍ശ അംഗീകരിക്കുകയും കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുള്ള 6 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലാവധി 2022 ഡിസംബര്‍ 21 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കുകയും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *