വിചിത്രമായ കണ്ടെത്തല്‍!നിയുക്ത പിഎസ്‌സി അംഗത്തിന്റെ പിഎച്ച്ഡി വിവാദത്തില്‍…

എറണാകുളം: യുവജന കമ്മിഷന്‍ മുന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിന് പിന്നാലെ നിയുക്ത പിഎസ്‌സി അംഗത്തിന്റെ പിഎച്ച്ഡി പ്രബന്ധവും വിവാദത്തില്‍. ഡോ. പ്രിന്‍സി കുര്യാക്കോസിന്റെ പിഎച്ച്ഡി പ്രബന്ധമാണ് വിവാദത്തിലായിരിക്കുന്നത്. സെപ്റ്റംബറില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രിന്‍സിയെ പിഎസ്‌സി അംഗമാക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്.2018ല്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നാണ് ഇവര്‍ പിഎച്ച്ഡി നേടിയത്. ആദി ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളുടെ താരതമ്യപഠനമായിരുന്നു വിഷയം. ശങ്കരാചാര്യര്‍ ജീവിച്ചിരുന്നത് എട്ട്, ഒന്‍പത് നൂറ്റാണ്ടുകളിലെന്ന് കരുതപ്പെടുന്നു.

എന്നാല്‍ പ്രിന്‍സി കുര്യാക്കോസിന്റെ പ്രബന്ധത്തിലെ അദ്ധ്യായം രണ്ടിലെ പേജ് എട്ടില്‍ പതിനെട്ട് – പത്തൊന്‍പത് നൂറ്റാണ്ടുകളിലാണ് ശങ്കരാചാര്യര്‍ ജീവിച്ചിരുന്നതെന്ന് പറയുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി വിവേചനവും തൊട്ടു കൂടായ്മയും തീണ്ടികൂടായ്മയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യേയാണ് തുടങ്ങിയതെന്നും പ്രബന്ധത്തിലുണ്ട്. അധ്യായം നാലിലെ, പേജ് ആറിലാണ് വിചിത്രമായ കണ്ടെത്തല്‍.ഇത്തരത്തില്‍ വസ്തുതാപരമായ തെറ്റുകള്‍ക്ക് പുറമെ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന പ്രബന്ധത്തില്‍ നൂറുകണക്കിന് അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും കടന്നുകൂടിയിട്ടുണ്ട്.

കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ കീഴിലാണ് പ്രിന്‍സി ഗവേഷണം നടത്തിയത്. യുവജന കമ്മിഷന്‍ അംഗവും ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്നു പ്രിന്‍സി കുര്യാക്കോസ്. പ്രബന്ധത്തിലെ പിശകുകള്‍ ഓപ്പണ്‍ ഡിഫന്‍സില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്നത്തെ വിസി കൂടിയായിരുന്ന ഡോ ധര്‍മ്മരാജ് അടാട്ട് അതെല്ലാം അവഗണിച്ച് പ്രബന്ധത്തിന് അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ അക്കാദമിക നിലവാരമില്ലാത്ത ഒരാളെ പിഎസ്‌സി അംഗമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്ഥാപനത്തെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *