രാജിവയ്‌ക്കേണ്ടത് ഉന്നതവിദ്യാഭ്യാസമന്ത്രിയല്ല; മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.സുപ്രീം കോടതി വിധി വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിക്കാണ്.അത് ശരിവെക്കുന്നതാണ് ഗവര്‍ണറുടെ പ്രസ്താവന.

മുഖ്യമന്ത്രി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഒപ്പിട്ടതെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ രാജിവയ്‌ക്കേണ്ടത് ഉന്നതവിദ്യാഭ്യാസമന്ത്രി ബിന്ദുവല്ല, മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ സുരേന്ദ്രന്‍.ചട്ടങ്ങള്‍ ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുമാണ് കണ്ണൂര്‍ വൈസ് ചാന്‍സലറെ പുനര്‍ നിയമിച്ചത്.

അത് സംസ്ഥന സര്‍ക്കാര്‍ നടത്തിയിട്ടുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്നും സ്വജനപക്ഷപാതവും അഴിമതിയുമാണ് നിയമനത്തില്‍ നടന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *