നിയമന തട്ടിപ്പ്; മുഖ്യപ്രതി അഖില്‍ സജീവ് പിടിയിൽ….

തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റില്‍.തമിഴ്‌നാട്ടിലെ തേനിയില്‍നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.നിയമന തട്ടിപ്പുകേസിലെ മറ്റ് പ്രതികള്‍ക്ക് അഖിലുമായുള്ള ബന്ധം, ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അഖിലാണ് നിയമനത്തട്ടിപ്പില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.ചെന്നൈയിലേക്ക് കടന്ന അഖില്‍ പിന്നീട് തേനിയിലെത്തിയപ്പോഴാണ് പിടിയിലായത്.പത്തനംതിട്ട സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നിയമന കോഴക്കേസില്‍ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.പത്തനംതിട്ടയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങുക.

ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന് പണം നല്‍കാമെന്ന് അഖില്‍ സജീവാണ് തന്നോട് പറഞ്ഞതെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.അഡ്വാന്‍സായി തുക നല്‍കിയെങ്കിലും നിയമനം നടക്കാത്തതിനാല്‍ ഹരിദാസന്‍ ഏപ്രില്‍ 9ന് തിരുവനന്തപുരത്തെത്തി.10ന് സെക്രട്ടേറിയറ്റിന് പുറത്തുവച്ച്‌ അഖില്‍ മാത്യുവിനെ കണ്ടെന്നും ഒരു ലക്ഷംരൂപ നല്‍കിയെന്നുമാണ് ഹരിദാസന്‍ പറയുന്നത്.സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധിക്കാന്‍ പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *