ഇത് ചരിത്ര വിജയം; കൊമ്പൻമാർ പോയിന്റ പട്ടികയിൽ തലപ്പത്ത്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്ര വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്.ലീഗിന്റെ ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ തോൽപിച്ച് പോയിന്റ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചു.കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സിന്റെ വിജയം.ഒൻപതാം മിനിറ്റിൽ ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമെന്റകോസ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ചരിത്ര വിജയം സ്വന്തമാക്കിയത്.

കളിയുടെ ആദ്യ പകുതി പൂർണ്ണമായും ബ്ലാസ്റ്റേഴ്സിൻെറ നിയന്ത്രണത്തിൽ ആയിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ നിയന്ത്രണം നഷ്ടമായെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.കൊൽക്കത്തയിലെ എട്ടാം ജയത്തോടെ 12 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി.ഒൻപതു കളികളിൽനിന്ന് 23 പോയിന്റുമായി എഫ്സി ഗോവയാണു രണ്ടാം സ്ഥാനത്തുള്ളത്.വിജയ ​ഗോളിലൂടെ ബ്ലാസ്റ്റേഴ്സിൻെറ ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമെന്റകോസ് സീസണിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തി.

മോഹൻ ബഗാൻ ആദ്യമായാണ് ഒരു സീസണിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോൽക്കുന്നത്. 19 പോയിന്റുള്ള അവർ അഞ്ചാം സ്ഥാനത്താണ്.കളിയുടെ ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും എടുക്കാതെ ബഗാനെ തടഞ്ഞുനിർത്താൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചു.രണ്ടാം പകുതിയിൽ സമനില ഗോളിനായി മോഹൻ ബഗാൻ പ്രത്യാക്രമണം നടത്തി.എന്നാൽ മികച്ച സേവുകളുമായി സച്ചിൻ സുരേഷ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്കെത്തി.ഇതോടെ ചരിത്രത്തിലാദ്യമായി ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ തോൽപിച്ച് ചരിത്ര വിജയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *