ഹിന്ദി പഠിപ്പിക്കും; ഹിന്ദി നിർബന്ധിതമാക്കാൻ ഒരുക്കം തുടങ്ങി

    തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കാൻ ശുപാർശ നൽകി ഔദ്യോഗിക ഭാഷ പാർലമെൻ്ററി കാര്യ സമിതി. ഒരു രാജ്യം ഒരു ഭാഷ എന്ന അജണ്ട ലക്ഷ്യം.

തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അമിത് ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാര്‍ലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ ഹിന്ദി ദേശീയഭാഷയക്കണം എന്ന ചര്‍ച്ചയ്ക്ക് വഴിതെളിച്ചത് അമിത്ഷാ ആയിരുന്നു എന്നത് യാദൃശ്ചികതയല്ല. വൈവിധ്യങ്ങളില്ലാത്ത, ഏകശിലാനിര്‍മ്മിതമായ ഒരു രാജ്യം എന്ന ആശയപ്രകാശനത്തിലൂടെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി ലക്ഷ്യം വയ്ക്കുന്നവരാണ് അമിത്ഷായും കൂട്ടരും. 2014ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയുടെ വൈവിധ്യങ്ങളെയെല്ലാം നിരാകരിച്ച്, പ്രാദേശിക ദേശീയതകളെ അവഗണിച്ച് ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാന്‍ നേതൃത്വം നല്‍കുകയാണ് മോദി സര്‍ക്കാര്‍. നടപ്പിലാക്കേണ്ട അജണ്ടകളുടെ പട്ടികയില്‍ ഒരു രാജ്യം ഒരുഭാഷ എന്ന ലക്ഷ്യവുമുണ്ട്, എന്തെതിര്‍പ്പുണ്ടെങ്കിലും അതുമായി മുന്നോട്ടുപോകും എന്ന പ്രഖ്യാപനമാകുന്നുണ്ട് പാര്‍ലമെന്ററി കാര്യ സമിതി രാഷ്ട്രപതിക്ക് നല്‍കിയ റിപ്പോര്‍ട്ട്.

2019ലെ ഹിന്ദി ദിവസത്തിലാണ് രാജ്യത്തെ അടയാളപ്പെടുത്താന്‍ ഒരു പൊതുവായ ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയ്ക്കാണ് എന്നും അമിത്ഷാ ട്വീറ്റ് ചെയ്യുന്നത്. ഒരു രാജ്യം ഒരു ഭാഷ എന്ന സംഘപരിവാര്‍ അജണ്ടകൂടിയാണ് അമിത് ഷാ അന്ന് ചര്‍ച്ചയ്ക്ക് വച്ചത്. ഇതിന് മുമ്പായി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയിലൂടെയും ഹിന്ദി അനുകൂല അജണ്ട പ്രകാശിതമായിരുന്നു. എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന നിര്‍ദേശം ദക്ഷിണേന്ത്യയിലും വ്യാപക പ്രതിഷേധത്തിനിടയാക്കി. പ്രാദേശിക ഭാഷകള്‍ക്ക് മറ്റേത് ഭാഷയേക്കാളും പ്രാധാന്യം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഇത് പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരുന്നു. ഈ വിഷയത്തില്‍ പക്ഷെ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഹിന്ദിക്കായുള്ള അമിത്ഷായുടെ ട്വീറ്റ്. ഈ ട്വീറ്റും രാജ്യത്ത് ഹിന്ദി അനുകൂല-പ്രതികൂല ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായി വേണം അമിത് ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാര്‍ലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കാണാന്‍.

ഹിന്ദി ദേശീയഭാഷയാക്കണം എന്നത് സംഘപരിവാറിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന പ്രതിഷേധ മുദ്രാവാക്യം രാജ്യത്തിന്റെ ആദ്യപാര്‍ലമെന്റ് കാലാവധിയില്‍ തന്നെ ഉയര്‍ത്തിയവരാണ് അന്നത്തെ ജനസംഘക്കാര്‍. ഇത് സ്വാതന്ത്രത്തിന് മുമ്പായി തന്നെ രാജ്യത്ത് ഉയര്‍ന്ന മുദ്രാവാക്യമായിരുന്നു. സ്വാതന്ത്രാനന്തരവും സംഘപരിവാര്‍ ഈ മുദ്രാവാക്യത്തില്‍ നിന്നും പിന്നാക്കം പോയില്ല. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ എന്തായിരിക്കണം എന്നതിനെപ്പറ്റി പഠിച്ച ഔദ്യോഗിക ഭാഷാ കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കെടുത്തപ്പോഴാണ് പാര്‍ലമെന്റിലെ ജനസംഘം പ്രതിനിധികള്‍ അവരുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി അന്ന് മുദ്രാവാക്യം വിളിച്ചത്. അന്ന് ചില കോണ്‍ഗ്രസ് അംഗങ്ങളും ഈ മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്നു. ഹിന്ദി ദേശീയഭാഷയാക്കണമെന്ന് ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ കാലം മുതലുള്ള സംഘപരിവാര്‍ ആവശ്യമാണ്. ഇംഗ്ലീഷിനൊപ്പം ഔദ്യോഗികഭാഷാ പദവിമാത്രമാണ് നിലവില്‍ ഹിന്ദിക്കുള്ളത്. അതിനാല്‍ തന്നെ ഹിന്ദി നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം രാജ്യത്ത് ഭാഷയുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവെയ്ക്കും. വൈരുദ്ധ്യങ്ങളെ സൃഷ്ടിച്ച് അതില്‍ നിന്നും തീവ്രരാജ്യസ്നേഹത്തിന്റെ വൈകാരികത ഉദ്പാദിപ്പിച്ച് ഭൂരിപക്ഷത്തിന്റെ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന ഫാസിസ്റ്റ് തന്ത്രത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമായി ഭാഷയും മാറിയേക്കാം. ഹിന്ദി ദേശീയ ഭാഷയാക്കാനുള്ള നീക്കത്തിനെതിരെ ഏറ്റവും രൂക്ഷമായ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. 1960കളില്‍ തമിഴ്നാട്ടില്‍ ആളികത്തിയ ഹിന്ദി വിരുദ്ധപ്രക്ഷോഭത്തിന്റെ ചെറുനാമ്പുകള്‍ അമിത്ഷായുടെ നിലപാടിനെതിരെ തമിഴ്നാട്ടില്‍ മുളപൊട്ടിയിരുന്നു. പാര്‍ലമെന്ററികാര്യ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഭാവി എന്തായിരിക്കുമെന്നത് അതിനാല്‍ തന്നെ രാജ്യത്തിന്റെ ഫെഡറിലിസത്തെ സംബന്ധിച്ചും

 

Leave a Reply

Your email address will not be published. Required fields are marked *