ഹിമാചൽ തിരഞ്ഞെടുപ്പ്, ജനം തീരുമാനിച്ചാലും മാറ്റത്തിനുള്ള ശേഷി കോൺഗ്രസിനുണ്ടോ?

    അഞ്ചുവര്‍ഷം കൂടുമ്പോള്‍ അധികാരമാറ്റം നടക്കുന്ന സംസ്ഥാനമെന്ന 1990ന് ശേഷമുള്ള രീതി ഹിമാചല്‍ ആവര്‍ത്തിച്ചാല്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിയെത്തും. ഭരണത്തുടര്‍ച്ച വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചാലും അധികാരത്തില്‍ തിരിച്ചെത്താനുള്ള സംഘടനാശേഷി കോണ്‍ഗ്രസിനുണ്ടോയെന്നതാണ് ഹിമാചലിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലിന് തുടക്കമാകുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാനാരിക്കുന്ന ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തിയതിയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നവംബര്‍ 12നാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ്. ഹിമാചല്‍ ആരു ഭരിക്കുമെന്ന് ഡിസംബര്‍ 8ന് അറിയാം.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളോടെ 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ പൊതുചിത്രം വ്യക്തമാകും. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നതാണ് ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.

നേരത്തെ 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. 2017ല്‍ ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് ഒപ്പത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് 2018ല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രതിഫലനം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അതേനിലയിലുള്ള ലിറ്റ്മസ് ടെസ്റ്റാവും എന്നും നിരീക്ഷിക്കുന്നതും കടന്ന കൈയ്യാവും.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പിയാണ് ഭരണനേതൃത്വത്തില്‍. 2017ല്‍ കേവലഭൂരിപക്ഷത്തെക്കാള്‍ 9 സീറ്റുകള്‍ അധികം നേടിയാണ് ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്നും ഭരണം തിരിച്ചുപിടിച്ചത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ അധികാരമാറ്റം നടക്കുന്ന സംസ്ഥാനമെന്ന 1990ന് ശേഷമുള്ള രീതി ഹിമാചല്‍ ആവര്‍ത്തിച്ചാല്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിയെത്തും. ഭരണത്തുടര്‍ച്ച വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചാലും അധികാരത്തില്‍ തിരിച്ചെത്താനുള്ള സംഘടനാശേഷി കോണ്‍ഗ്രസിനുണ്ടോയെന്നതാണ് ഹിമാചലിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ഹര്‍ഷ് മഹാജന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. നേതാക്കളില്ലാത്ത കാഴ്ചപ്പാടില്ലാത്ത ദിശാബോധമില്ലാത്ത പാര്‍ട്ടിയെന്നാണ് ഹര്‍ഷ് മഹാജന്‍ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവായിരുന്ന വീര്‍ഭദ്രസിംഗിന്റെ മരണവും ഹിമാചലിലെ കോണ്‍ഗ്രസിന്റെ ശക്തിചോര്‍ത്തിയിട്ടുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാകണം കോണ്‍ഗ്രസ് ഹിമാചലിലെ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഹിമാചലിലെ റാലിയില്‍ വലിയ വാഗ്ദാനങ്ങളാണ് പ്രിയങ്ക മുന്നോട്ടുവച്ചത്. അധികാരത്തിലെത്തിയാല്‍ ആദ്യ ക്യാബിനറ്റ് മീറ്റിംഗില്‍ ഒരു ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നും പഴയ പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.

ഹിമാചലില്‍ ഭരണം നിലനിര്‍ത്തുകയെന്ന ബി.ജെ.പിയുടെയും ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഹിമാചലിലെ ബി.ജെ.പിയുടെ നക്ഷത്രപ്രചാരകന്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒമ്പത് വട്ടം ഹിമാചലില്‍ എത്തിയ മോദി പ്രഖ്യാപിച്ച കേന്ദ്രപദ്ധതികള്‍ തന്നെയാണ് ബി.ജെ.പിയുടെ പ്രധാന പ്രചരണായുധം.

കോണ്‍ഗ്രസിന്റെ ശക്തിക്ഷയിക്കുന്ന ഹിമാചലില്‍ നേട്ടം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടി. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ വോട്ടുകള്‍ സമാഹരിക്കുക ലക്ഷ്യമിട്ടാണ് എ.എ.പിയുടെ ഹിമാചല്‍ എന്‍ട്രി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയാകുമെന്ന് ഹിമാചലിലെ ജനങ്ങളെ മനീഷ് സിസോദിയ ഓര്‍മ്മിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്ന വോട്ടുബാങ്ക് ആരുടേതാകുമെന്നത് വ്യക്തമാണ്.

2017ല്‍ ഒരു സീറ്റു നേടിയ സി.പി.എമ്മും സ്വതന്ത്രരുമെല്ലാം ചേര്‍ന്ന് ഏതാണ്ട് 10%ത്തിന് മുകളില്‍ വോട്ട് മാത്രമാണ് ഹിമാചലില്‍ നേടിയത്. അതിനാല്‍ തന്നെ ആം ആദ്മി പാര്‍ട്ടിയുടെ കടന്നവരവ് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇതും ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ ജനപ്രീതിയെ മറികടക്കാന്‍ ശേഷിയുള്ള പ്രതിപക്ഷ നേതാക്കള്‍ ഹിമാചലില്‍ ഇല്ലായെന്നതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *