ഹിജാബ് മത സ്വാതന്ത്ര്യമോ, വ്യക്തി സ്വാതന്ത്ര്യമോ?

    ഭരണകൂടവും നീതിപീഠങ്ങളും വ്യക്തികളുടെ സ്വാതന്ത്രങ്ങളെ മാനിക്കുന്നതിന് ഒന്നാം സ്ഥാനവും മതപരമായ താല്‍പ്പര്യങ്ങള്‍ക്കും മതരാഷ്ട്രീയ ആശയങ്ങള്‍ക്കും പിന്നീടുള്ള സ്ഥാനവും കല്‍പ്പിച്ചാല്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ മാത്രമാണ് ഹിജാബിനെ ചുറ്റിപറ്റി ഇന്ത്യയിലും ഇറാനിലും രൂപപ്പെട്ടിരിക്കുന്നത്.

സുപ്രീംകോടതി ബെഞ്ചിന്റെ ഭിന്നവിധി പുറത്തുവന്നതോടെ ഹിജാബ് വിഷയം രാജ്യത്ത് വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കര്‍ണ്ണാടകയിലെ ബി.ജെ.പി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ് ഹിജാബ് നിരോധനത്തിന്റെ പിന്നിലെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ പരമോന്നത കോടതിക്ക് ഈ വിഷയത്തില്‍ യോജിച്ച ഒരുതീര്‍പ്പിലെത്താന്‍ സാധിക്കാതെ പോയിരിക്കുന്നത്. വസ്ത്രത്തിന്റെ പേരിലുള്ള ധ്രൂവീകരണ രാഷ്ട്രീയ അജണ്ടയായി ഹിജാബ് ഇനി മാറുമോയെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.

ഹിജാബ് വിഷയത്തില്‍ കോടതി പോലും കണ്ടെത്താന്‍ ശ്രമിച്ചത് മതപരമായ ആചാരങ്ങളോട് ചേര്‍ന്നു നിന്നുള്ള ചോദ്യവും ഉത്തരവുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഹിജാബ് ഉയര്‍ത്തുന്ന ചോദ്യം എന്താണ്. അത് പരമമായ, ജനാധിപത്യപരമായ, സ്വാതന്ത്രത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യമാണ്. മതേതര ജനാധിപത്യ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്തെ സംബന്ധിച്ച് ഹിജാബ് ധരിക്കാനും ധരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഏതെങ്കിലും മതത്തിന്റെയോ സംഘടനകളുടെയോ കാഴ്ചപ്പാടുകളുമായി ബന്ധിതമാക്കേണ്ടതില്ല. അത് വസ്ത്രധാരണം സംബന്ധിച്ച വ്യക്തിസ്വാതന്ത്രത്തിന്റെ വിഷയം മാത്രമാണ്. അതില്‍ അടങ്ങിയിരിക്കുന്നത് ഭരണഘടന ഒരു പൗരന് നല്‍കിയിരിക്കുന്ന മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. ഹിജാബ് ധരിക്കാനായി ആര്‍ക്കും ആരെയും നിര്‍ബന്ധിക്കാന്‍ അവകാശമില്ല, സ്വന്ത ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയാനും ആര്‍ക്കും അവകാശമില്ല. ഇത് രണ്ടും എപ്പോള്‍ ലംഘിക്കപ്പെട്ടാലും ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് ആളുകള്‍ക്ക് അവകാശമുണ്ട്. ഈ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ സങ്കുചിത താല്‍പ്പര്യത്തോടെ ധ്രുവീകരണ അജണ്ടയാക്കി മാറ്റുന്നതിലാണ് യഥാര്‍ത്ഥത്തില്‍ നീതിപീഠങ്ങള്‍ അപകടം കാണേണ്ടത്.

കര്‍ണ്ണാടകയില്‍ ഭരണകൂടം ഹിജാബ് നിരോധിക്കുമ്പോഴാണ് ഇറാനില്‍ ഹിജാബ് ധരിക്കണമെന്ന പിടിവാശി ഭരണകൂടം കാണിക്കുന്നത്. രണ്ടുവിഷയങ്ങളിലും തെളിയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. ഇറാനിലെ രാഷ്ട്രീയ ഇസ്ലാമിസ്റ്റ് ഭരണകൂടം മതശാസനമാണ് നടപ്പിലാക്കണമെന്ന് ശഠിക്കുന്നത്. അവിടെയും ഉയരുന്നത് വ്യക്തികളുടെ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റത്തെ സംബന്ധിച്ച ആശങ്കയാണ്. ഇവിടെ ഹിജാബ് നിരോധിക്കുമ്പോഴും ഉയരുന്നത് അതേ ആശങ്ക തന്നെയാണ്. ഭരണകൂടവും നീതിപീഠങ്ങളും വ്യക്തികളുടെ സ്വാതന്ത്രങ്ങളെ മാനിക്കുന്നതിന് ഒന്നാം സ്ഥാനവും മതപരമായ താല്‍പ്പര്യങ്ങള്‍ക്കും മതരാഷ്ട്രീയ ആശയങ്ങള്‍ക്കും പിന്നീടുള്ള സ്ഥാനവും കല്‍പ്പിച്ചാല്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ മാത്രമാണ് ഹിജാബിനെ ചുറ്റിപറ്റി ഇന്ത്യയിലും ഇറാനിലും രൂപപ്പെട്ടിരിക്കുന്നത്. ഈ വിഷയങ്ങളെ സങ്കുചിത കാഴ്ചകൊണ്ട് സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍ മതത്തിന്റെ ഭൂതക്കണ്ണാടി ഊരിമാറ്റി വ്യക്തിസ്വാതന്ത്രത്തിന്റെ വിശാലമായ കാഴ്ച ശീലിക്കേണ്ടതുണ്ട്. സുപ്രീംകോടതിയുടെ വിശാലബെഞ്ച് ഭാവിയില്‍ ആ നിലയിലുള്ള കാഴ്ചപ്പാട് ഈ വിഷയത്തില്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *