ക്യാമറ ഒപ്പമുണ്ടാകും; സന്ദർശനം സുതാര്യമാകും

    മുഖ്യമന്ത്രിയുടെ സന്ദർശനം പകർത്താൻ വിദേശത്ത് ക്യാമറാ സംഘവും. നടപടി സംസ്ഥാന ചരിത്രത്തിൽ ആദ്യം. ഏഴ് ലക്ഷം രൂപ മുടക്കിയാണ് വിദേശ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നത്. എന്തിന്?

വെറുതെ പോയാൽ പോര, ലോകമറിയണം. അറിയിക്കാനുള്ള പുറപ്പാടിലാണ് മുഖ്യമന്ത്രി. ഇക്കുറി പിണറായി വിജയൻ യൂറോപ്പിലേക്ക് പോകുമ്പോൾ നടക്കുന്നതും ഇരിക്കുന്നതുമെടുക്കാൻ ആളുണ്ടാകും. ഫോട്ടോയെടുക്കാനും വീഡിയോയിൽ പകർത്താനും പ്രത്യേക സംഘം ഒപ്പമുണ്ടാകും. ഏഴ് ലക്ഷം രൂപയാണ് ഇതിനായി ചിലവിടുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദർശനങ്ങൾ വലിയ വിമർശനം ഉയർത്തിയ വേളയിലാണ് ഫോട്ടോ, വീഡിയോ ധൂർത്തിൻ്റെ വാർത്തയും പുറത്തു വന്നത്.

ഈമാസം 2 മുതൽ 4 വരെ ഫിൻലൻഡിലും 5 മുതൽ 7 വരെ നോർവെയിലും 9 മുതൽ 12 വരെ യുകെയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ഇതിൻ്റെ മുഴുവൻ ദൃശ്യങ്ങളും പകർത്താനാണ് വീഡിയോ, ഫോട്ടോ കവറേജിന് ക്വട്ടേഷൻ നൽകിയിട്ടുള്ളത്. ചിലവിടുന്ന തുക ഫിൻലൻഡിൽ 3200 യൂറോ, അതായത് 2 ലക്ഷത്തി 54,224 രൂപ. നോർവെയിൽ 32,000 നോർവീജിയൻ ക്രോണെ, ഇന്ത്യൻ രൂപ 2 ലക്ഷത്തി 39,592. യുകെയിൽ 2250 പൌണ്ട്, അതായത് 2 ലക്ഷത്തി 03,313. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വിദേശ പരിപാടിക്ക് പണം മുടക്കി ഫോട്ടോയെടുക്കാൻ ആളെ വെക്കുന്നത്. ഇതിന് മുമ്പ് ഇങ്ങിനെയൊരു പതിവില്ല. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രി 15 തവണയും മന്ത്രിമാർ 85 തവണയും കടൽ കടന്ന് പോയിട്ടുണ്ട്. അപ്പോഴൊന്നും കല്ല്യാണത്തിന് വധൂ വരന്മാരെ അനുഗമിക്കുന്നത് പോലെ ക്യാമറാസംഘം കൂടെ പോയിട്ടില്ല. ഇതെന്താ ഇപ്പോൾ മാത്രം ഇങ്ങിനെയെന്ന് മൂക്കത്ത് വിരൽ വെക്കുന്നു കേരളം.

 

Leave a Reply

Your email address will not be published. Required fields are marked *