ഈരാറ്റുപേട്ട പോപ്പുലർ ഫ്രണ്ട് ഈറ്റില്ലമായത് എങ്ങനെ?

    തെക്കൻ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് മുസ്ലിംലീഗിനെക്കാൾ ശക്തം. പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ ആശയം എന്തുകൊണ്ട് ഈരാറ്റുപേട്ടയ്ക്ക് ഇത്രമേൽ സ്വീകാര്യമാകുന്നു.

തെക്കന്‍ കേരളത്തില്‍ മുസ്ലിംലീഗിനെക്കാള്‍ ശക്തിയുള്ള സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറിയിട്ടുണ്ട്. വടക്കന്‍കേരളത്തില്‍ മുസ്ലിംലീഗിന്റേതായ പോക്കറ്റുകള്‍ പോലെ തെക്കന്‍കേരളത്തില്‍ വളരെ ശക്തിയുള്ള പോപ്പുലര്‍ ഫ്രണ്ട് പോക്കറ്റുകളുമുണ്ട്. ഇതില്‍ പ്രധാനമാണ് ഈരാറ്റുപേട്ട.

പോപ്പുലര്‍ ഫ്രണ്ട് ആശയത്തിന്റെ കേരളത്തിലെ ഏറ്റവും രാഷ്ട്രീയമായ ശക്തികേന്ദ്രം കൂടിയാണ് ഈരാറ്റുപേട്ട. 2015ലും 2020ലും ഈരാറ്റുപേട്ട നഗരസഭ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള രാഷ്ട്രീയശേഷിയിലേയ്ക്ക് എസ്.ഡി.പി.ഐ മാറിയിട്ടുണ്ട്. മുസ്ലിങ്ങളെ തീവ്രവാദമുദ്രകുത്തി ആക്ഷേപിച്ച പി.സി.ജോര്‍ജ്ജിനെ വീട്ടിലിരുത്താനുള്ള ശേഷിയുണ്ടെന്നും എസ്.ഡി.പി.ഐ തെളിയിച്ചിരുന്നു.

തെക്കന്‍ കേരളത്തില്‍ വിശേഷിച്ച് ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് എങ്ങനെ ഇത്തരത്തില്‍ സവിശേഷമായ രാഷ്ട്രീയശക്തിയായി മാറി. സാമൂഹ്യവും ജനസംഖ്യാപരവുമായ കാരണങ്ങള്‍ തന്നെയാണ് ഇതിന്റെ അടിസ്ഥാനം. പെരുമ്പാവൂര്‍-മുവാറ്റുപുഴ-തൊടുപുഴ-കട്ടപ്പന-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട വഴിയുള്ള മുസ്ലിംഭൂരിപക്ഷ മേഖലയും ഇതിന് സമാന്തരമായി ചാവക്കാട് വഴി തെക്കോട്ട് നീളുന്ന മുസ്ലിംഭൂരിപക്ഷ തീരമേഖലയും തമ്മിലുള്ള സാമൂഹികവും ജനസംഖ്യാപരവുമായി സവിശേഷതകള്‍ തിരിച്ചറിഞ്ഞ് സംഘടനയെ കെട്ടിപ്പടുക്കാനുള്ള സവിശേഷതന്ത്രം പോപ്പുലര്‍ ഫ്രണ്ട് തൃശ്ശൂരിന് തെക്കോട്ട് രൂപപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് എങ്ങനെ മുസ്ലിംലീഗിനെക്കാള്‍ ശക്തിയുള്ള സംഘടനയായി മാറിയെന്ന ചോദ്യത്തിന്റെ ഉത്തരവും ഇത് തന്നെയാണ്.

ബാബറി തകര്‍ച്ചയുടെ അദ്വാനിക്കാലത്തില്‍ നിന്നും വ്യത്യസ്തമായ വൈകാരികതയിലേയ്ക്കും അരക്ഷിതബോധത്തിലേയ്ക്കും മോദി-അമിത്ഷാ ഹിന്ദുത്വയുടെ കാലത്ത് രാജ്യത്തെ മുസ്ലിംവിഭാഗങ്ങള്‍ മാറിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഏറ്റവും മികച്ച ജീവിതനിലവാരം കൈകാര്യം ചെയ്യുന്ന കേരളത്തിലെ മുസ്ലിംവിഭാഗത്തെയും ബാധിച്ചിട്ടുണ്ട്. അവിടെയാണ് ഈരാറ്റുപേട്ട ഉള്‍പ്പെടുന്ന മധ്യകേരളത്തിലെ ചില പോക്കറ്റുകളുടെ സാമൂഹ്യഘടനയും ജനസംഖ്യാസ്വഭാവവും പ്രധാനമാകുന്നത്.

മുസ്ലിംങ്ങളില്‍ പോസ്റ്റ് ബാബറി തകര്‍ച്ചയ്ക്ക് ശേഷം ഉടലെടുത്തിരിക്കുന്ന ആശങ്കകള്‍ മറ്റൊരുതരത്തില്‍ ഈ മേഖലയിലെ മുസ്ലിങ്ങളെ ബാധിച്ചിട്ടുണ്ട്. അടുത്തകാലത്തായി അത് ശക്തമായിട്ടുമുണ്ട്. ആര്‍.എസ്.എസ് സ്വാധീനം അതിനൊരു ഘടകമാണ്. ചുറ്റുമുള്ള ക്രിസ്ത്യന്‍ സമൂഹവും കൂടി ശത്രുപക്ഷത്ത് നിര്‍ത്തുന്നു എന്ന അരക്ഷിതബോധം കൂടി അടുത്തകാലത്തായി ഈ പ്രദേശത്തെ മുസ്ലിംജനസാമാന്യത്തിനുണ്ട്. ഇത്തരമൊരു അരക്ഷിതാവസ്ഥയില്‍ നിന്നുള്ള രക്ഷകരായാണ് ഈരാറ്റുപേട്ട മേഖലയിലെ ഭൂരിപക്ഷം മുസ്ലിംജനസാമാന്യവും ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും കാണുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മതേതര പൊതുജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഇവിടുത്തെ മുസ്ലിംജനസാമാന്യത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയാതെ പോകുന്നതിന്റെ കാരണങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വളച്ചയില്‍ ആകുലപ്പെടുന്ന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ സ്വയംവിമര്‍ശനപരമായി പരിശോധിക്കേണ്ടത് ഇതാണ്.

Leave a Reply

Your email address will not be published. Required fields are marked *