2023-ലെ ഇന്ത്യന്‍ ക്രിക്കറ്റ്

അനീഷ എം എ

ക്രിക്കറ്റ് ലോകത്ത് 2023 മറക്കാനാകാത്ത വര്‍ഷമാണ്.അടിച്ചും തിരിച്ചടിച്ചും
ജയപരാജയങ്ങള്‍ നിറഞ്ഞ കളികളത്തില്‍ ഇന്ത്യന്‍ ടീം സുവര്‍ണ നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷം.ഐപിഎല്‍,ഏഷ്യകപ്പ്,ലോകകപ്പ് തുടങ്ങി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഉത്സവത്തിന്റെ ദിനങ്ങള്‍.ഇന്നോളം സ്യഷ്ടിച്ചിരിക്കുന്ന ക്രിക്കറ്റ് ചരിത്രത്തെ, റെക്കോഡുകളെ എല്ലാം തകര്‍ത്തെറിഞ്ഞ വര്‍ഷമായിരുന്നു 2023.വീറും വാശിയും പേറി ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മത്സരങ്ങളില്‍ ലോകകപ്പ് മത്സരം വരെ ഉള്‍പ്പെടുന്നു.അണിയുന്ന ജേഴ്‌സിക്കപ്പുറം എല്ലാ ടീമും ക്രിക്കറ്റ് എന്ന ഒറ്റ കുടക്കീഴില്‍ അണിചേരുന്നു.അവിസ്മരണീയ നിമിഷങ്ങളുടെ, ആരാധകരുടെ ആവേശകടലിന്റെ,നിരാശയുടെ ,അട്ടിമറികളുടെ 2023.

ഐപിഎല്‍

2023 മാര്‍ച്ച് മാസത്തിലാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
10 ടീമുകള്‍ മാറ്റുരച്ച 74 മത്സരളടങ്ങുന്നതായിരുന്നു ടൂര്‍ണമെന്റും വീറോടെയും വാശിയോടെയും മുന്നേറുന്ന ടീമുകളും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരു ക്രിക്കറ്റ് മത്സരത്തിന്റെ എല്ലാ ത്രില്ലര്‍ സ്വഭാവവും കാത്തുസൂക്ഷിച്ച് നടന്ന കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 5 വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ് ജേതാക്കളായി മാറിയത്.

രവീന്ദ്ര ജഡേജയുടെ നിശ്ചയ ദാര്‍ഢ്യം ചെന്നൈയെ അഞ്ചാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിടീച്ചു.ഇതോടെ കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയ ടീമുകളില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താനും സിഎസ്‌കെയ്ക്ക് കഴിഞ്ഞു.കഴിഞ്ഞ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അവസാനമായി പോയ ഒരു ടീമിന്റെ ശക്തമായ തിരിച്ച് വരവ്.അതിനേക്കാള്‍ ഉപരി ധോണി എന്ന എക്കാലത്തെയും മികച്ച താരം തന്റെ ആരാധകര്‍ക്ക് സമ്മാനിച്ച ഉറപ്പിന്റെ സാക്ഷാകാരം.

ഏഷ്യാകപ്പ്


മറ്റൊരു ക്രിക്കറ്റ് മാമാങ്കമായ ഏഷ്യകപ്പും ഇന്ത്യയെ നേട്ടങ്ങളുടെ കൊടുമുടിയിലെത്തിച്ചു.സെപ്തംബര്‍ മാസത്തില്‍ അരങ്ങേറിയ ഏഷ്യാകപ്പില്‍ ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കന്‍മാരായി ഇന്ത്യ മാറി.ചരിത്രമുറങ്ങുന്ന പ്രേമദാസ സ്റ്റേഡിയം അ വിജയത്തിന് സാക്ഷിയായി.ശ്രീലങ്കയെ അവരുടെ മണ്ണില്‍ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ എട്ടാം ഏഷ്യാകപ്പ് കിരീടനേട്ടം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കന്‍ സ്‌കോര്‍ 50 റണ്‍സില്‍ ഒതുങ്ങിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ വെറും 6.1 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ 27 റണ്‍സും ഇഷാന്‍ കിഷന്‍ 23 റണ്‍സും നേടി.നരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തകര്‍ച്ചയായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഭിമുഖീകരിക്കേണ്ടിവന്നത്.മത്സരത്തിന്റെ നാലാം ഓവറില്‍ നാല് വിക്കറ്റെടുത്താണ് സിറാജ് ശ്രീലങ്കയെ തിരിച്ചുവരാനാകാത്ത തകര്‍ച്ചയുടെ ആഴക്കയത്തിലേക്കാണ് തള്ളിയിട്ടത്.ഏഷ്യകപ്പ് നേട്ടത്തോടെ ഇന്ത്യന്‍ ടീം കായിക പ്രേമികളുടെ മുഴുവന്‍ ശ്രദ്ധയും നേടിയെടുത്തു.

ലോകകപ്പ്

ക്രിക്കറ്റ് ലോകം കാത്തിരുന്ന ലോകകപ്പ് മത്സരവും ഈ വര്‍ഷം തന്നെയായിരുന്നു.ഇന്ത്യ ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ഇന്ത്യയുടെ അപരാജിത യാത്ര ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.എന്നാല്‍ സ്വന്തം മണ്ണില്‍ മൂന്നാം ലോകകിരീടം ഉയര്‍ത്താമെന്ന ഇന്ത്യന്‍ സ്വപ്നത്തെ ഓസ്‌ട്രെലിയ തല്ലിക്കെടുത്തി.ഫൈനലില്‍ ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ഓസീസ് 43 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഓസ്‌ട്രേലിയ 6 ാം ലോകകിരീടം ഉയര്‍ത്തിയത്.സെമിഫൈനല്‍ വരെ പത്തു മത്സരങ്ങളില്‍ സമ്പൂര്‍ണ ജയം നേടിയാണ് ഇന്ത്യ ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയത്.

നീലക്കുപ്പായമിട്ടെത്തിയ പതിനായിരക്കണക്കിന് കാണികളെ മത്സരത്തിന്റെ ആദ്യാവസാനം നിശബ്ദരാക്കി,താരങ്ങളുടെ കണ്ണീര്‍ വീണ വാംഗഡെയുടെ മണ്ണും,കരഞ്ഞ് കലങ്ങിയ കണ്ണുമായി മടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ മുഖവും 2023 ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കിയ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്.1983 ലെ ലോകകപ്പിലായിരുന്നു ഇന്ത്യ ആദ്യമായി സെമിയിലെത്തിയത്.അന്ന് വിജയം നേടിയ ഇന്ത്യ ഫൈനലില്‍ ശക്തരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച്കൊണ്ട് തങ്ങളുടെ കന്നികിരീടം നേടിയിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ ജാതകം തിരുത്തിയെഴുതിയതായിരുന്നു ഈ വിജയം.ഇതിന് ശേഷം 2011ലെ ലോകകപ്പിലാണ് ഇന്ത്യ വീണ്ടും കിരീടം നേടുന്നത്.സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെയും തകര്‍ത്ത് കിരീടം സ്വന്തമാക്കിയിരുന്നു.

വിരാട് കോലിയുടെ 2023

2023 വിരാട് കോലിയുടെ വര്‍ഷമായിരുന്നു.ഒരു കായികതാരം എന്ന നിലയില്‍ അവീസ്മരണീയ നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷം.കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 49 ഏകദിന സെഞ്ചറി എന്ന റെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോലി 10 ദിവസത്തിനുള്ളില്‍ ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ സെഞ്ചറിയോടെ സച്ചിനെയും മറികടന്നു മുന്നേറി.അതും സച്ചിന്റെ കളിമുറ്റമായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ അദ്ദേഹത്തെ സാക്ഷിയാക്കിക്കൊണ്ടു തന്നെ.സെഞ്ചറി തികച്ചതിനു പിന്നാലെ വിരാട് കോലി ഗാലറിയിലേക്കു നോക്കി സച്ചിനെ നമിക്കുന്ന ദൃശ്യം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ എന്നുമുണ്ടാകും.

കണക്കുകളുടെ പൊരുത്തത്തിനപ്പുറം ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു വൈകാരിക കാലഘട്ടങ്ങളുടെ പേരു കൂടിയാണല്ലോ സച്ചിന്‍കോലി!ഏകദിന ക്രിക്കറ്റില്‍ സെഞ്ചറികളില്‍ അര്‍ധ സെഞ്ചറി തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡിനൊപ്പം വിരാട് കോലിയുടെ നേട്ടത്തെ മഹത്തരമാക്കുന്നത് അതിലേക്കുള്ള അദ്ദേഹത്തിന്റെ അതിവേഗപ്രയാണം കൂടിയാണ്.278 ഇന്നിങ്സുകള്‍ മാത്രമാണ് 50 സെഞ്ചുറി നേടാന്‍ കോലിക്ക് കളിക്കേണ്ടിവന്നത്.നല്ല ഫോമിലല്ലെന്ന പഴികള്‍ക്ക് മധുര പ്രതികാരം തീര്‍ത്ത അ വീര വിരാട ഗാഥയെ ലോകം വാഴ്ത്തി.ലോകകപ്പിലെ മികച്ച പ്രകടനത്തോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും കോലിയെ തേടിയെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *