സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധന; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 292 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു.ഇന്നലെ മാത്രം 292 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആക്ടീവ് കേസുകള്‍ 2041 ആയി.കോവിഡ് ബാധിച്ച് ഇന്നലെ രണ്ട് മരണം ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ആകെ ഇന്നലെ 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 292 കേസുകളും കേരളത്തിലാണ്.കോവിഡ് പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു.അതനുസരിച്ച്‌ മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു.കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി.ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്.

ഉപവകഭേദമായ ജെഎന്‍1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്.മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.മന്ത്രിയുടെ നേതൃത്വത്തില്‍ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും ഇന്നലെ വിലയിരുത്തിയിരുന്നു സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും.ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും.

ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം.ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം.ഇതിനായി നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവയ്ക്കണം.ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച്‌ ഉറപ്പ് വരുത്തണം.ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *