നമ്മുടെ രാംലല്ല ഇപ്പോൾ ടെന്റിലല്ല, ഭവ്യമന്ദിരത്തിൽ; ഈ ദിനം ഇനി യുഗാരംഭമെന്ന് പ്രധാനമന്ത്രി

അയോധ്യ: നമ്മുടെ രാംലല്ല ഇപ്പോൾ ടെന്റിലല്ല, ഭവ്യമന്ദിരത്തിലാണ് രാമൻ വിവാദമല്ല, സമാധാനമാണ്, ഈ ദിനം വെറുമൊരു തീയതിയല്ല, യുഗാരംഭമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അയോദ്ധ്യക്കും സരയുവിനും പ്രാണാമം.. സീതാദേവിക്കും ഭരതശത്രുഘ്‌നന്മാർക്കും ലക്ഷ്മണനും പ്രണാമം.പ്രാണപ്രതിഷ്ഠാ ദിനം ആയിരം വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടും.ജനുവരി 22ന്റെ സൂര്യോദയം രാജ്യത്തിന് അതിമനോഹരമായ പ്രഭയാണ് ചൊരിഞ്ഞിരിക്കുന്നത്. 2024 ജനുവരി 22 എന്ന ദിനം കലണ്ടറിലെ വെറുമൊരു തീയതിയല്ല, പുതിയ കാലചക്രത്തിന്റെ തുടക്കമാണ്.

ഭഗവാൻ ശ്രീരാമനോട് ഈയവസരത്തിൽ ഞാൻ ക്ഷമാപണം നടത്തുകയാണ്.നമ്മുടെ ശ്രമങ്ങളിൽ ചെറിയ പോരായ്മകൾ സംഭവിച്ചിരിക്കാം.ഭവ്യമന്ദിരം യാഥാർത്ഥ്യമാകാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നു.ക്ഷേത്രനിർമ്മാണത്തിന് വർഷങ്ങളെടുത്തതിന് ഭഗവാൻ നമ്മോട് ക്ഷമിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു വെന്ന് പ്രധാനമന്ത്രി.അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിനായി ദശാബ്ദങ്ങളോളമായിരുന്നു നിയമപോരാട്ടം നടന്നത്.ഈയവസരത്തിൽ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയോട് എന്റെ നന്ദിരേഖപ്പെടുത്താൻ ഞാനാഗ്രഹിക്കുകയാണ്.ത്രേതായുഗത്തിൽ 14 വർഷമായിരുന്നു രാമന് മാറിനിൽക്കേണ്ടി വന്നത്.

എന്നാൽ ഈ യുഗത്തിൽ നൂറ്റാണ്ടുകളോളം രാമന് അയോദ്ധ്യയെ വേർപിരിയേണ്ടി വന്നു.നമ്മുടെ അനേകം തലമുറകളായിരുന്നു അതിന് സാക്ഷ്യം വഹിച്ചത്.ശ്രീരാമപ്രഭുവിന്റെ ഭക്തർ ഈ ചരിത്രനിമിഷത്തെ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുകയാണ്.ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണിലുള്ള രാമഭക്തർ ഈ പുണ്യമൂഹൂർത്തത്തെ ഹൃദയത്തോട് ചേർത്തുവയ്‌ക്കുമെന്ന് എനിക്കുറപ്പുണ്ട്.സാഗരം മുതൽ സരയൂ വരെ യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈ യാത്രയിലെല്ലാം രാമന്റെ തിരിച്ചുവരവിനായുള്ള ആഘോഷം എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞതാണ്.രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായ പിന്നാലെ പ്രധാനമന്ത്രി സംസാരിച്ചു.

നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസ്സിന്റെയും കാത്തിരിപ്പിന്റെയും ഫലമായി നമ്മുടെ രാമൻ ആഗതനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത് ഒരു സാധാരണ ദിവസമല്ല, പുതിയ കാലക്രമത്തിന്റെ ഉദയമാണെന്നും ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷവും ആളുകൾ ഈ ദിവസവും ഈ നിമിഷവും അനുസ്മരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ അനുഗൃഹീത നിമിഷത്തിന് സാക്ഷികളാകാൻ നമുക്ക് അവസരം ലഭിച്ചത് ശ്രീരാമന്റെ മഹാ അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്.

ഇതിനു പിന്നാലെ വായുസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി.ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു.ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഭക്തരെ പ്രവേശിപ്പിച്ചില്ല.പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമായിരുന്നു പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *