അറ്റ്‌ലസ്‌ രാമചന്ദ്രനെ ജയിലിൽ കണ്ട അനുഭവം പങ്കുവെച്ച് ഡോ. സെബാസ്റ്റ്യൻ പോൾ

    അറ്റ്ലസ് രാമചന്ദ്രനെ ജയിലിലെത്തി കണ്ട ഏക മലയാളിയാണ് ഡോ. സെബാസ്റ്റ്യൻ പോൾ. വേദനയും സന്തോഷവും ഇഴചേർന്ന ആ കൂടിക്കാഴ്ചയുടെ ഓർമ്മകൾ ഡോ. സെബാസ്റ്റ്യൻ പോൾ യൂടോക്കിനോട് പങ്കുവെക്കുന്നു.

ദുബായ് അല്‍ അവീര്‍ ജയിലില്‍ കണ്ടപ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ . അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിലില്‍വാസകാലത്ത് അവിടെയെത്തിയ ഒരേയൊരാള്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നു. ഒരു നവവത്സര രാവിലാണ് താന്‍ ജയിലില്‍ എത്തിയത് എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. അന്ന് കണ്ടപ്പോള്‍ രാമചന്ദ്രന്‍ നിരാശയിലായിരുന്നു. കുറേ സമയം അദ്ദേഹം കരഞ്ഞു. അതുപക്ഷേ ദുര്‍വിധി ഓര്‍ത്തായിരുന്നില്ല. ആരും തിരിഞ്ഞുനോക്കാതെ ഏകാകിയായിരുന്ന സമയത്ത് ഒരാള്‍ അന്വേഷിച്ച് വന്നതിന്റെ സന്തോഷം കൊണ്ട് കരഞ്ഞതാണത്രെ!

തന്റെ ബിസിനസ് വളര്‍ച്ച കണ്ട് അസൂയപൂണ്ടവര്‍ ചതിച്ചതാണെന്ന് പറഞ്ഞ് രാമചന്ദ്രന്‍ ദു:ഖിതനായി. പക്ഷേ അദ്ദേഹം ആരുടെയും പേര് പറഞ്ഞില്ല. വിശ്വസ്തരായിരുന്ന മാനേജര്‍മാര്‍ വഞ്ചിച്ച് സ്വത്തെല്ലാം കൈക്കലാക്കി. സഹായിക്കുമെന്നു കരുതിയ ബാങ്ക് പിന്‍വാങ്ങി. സുഹൃത്തുക്കളോ പരിചയക്കാരോ ഒന്നും ആ വഴി ചെന്നില്ല. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ മുഖം തിരിച്ചു. പരസ്യം വാങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പരിചയം പോലും കാണിച്ചില്ല എന്നും രാമചന്ദ്രന്‍ പരിതപിച്ചു. തന്റെ ഏകാന്തതയുടെ ഭീകരതയെക്കുറിച്ചോര്‍ത്ത് അദ്ദേഹം നിസ്സഹായനായത് തന്നെ വല്ലാതെ ഉലച്ചു എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ദുബായില്‍ മലയാളി സംഘടനയുടെ ഒരു പരിപാടിക്ക് ചെന്നതായിരുന്നു ഡോ.സെബാസ്റ്റ്യന്‍ പോള്‍. ഒരു മലയാളി പോലീസുകാരനാണ് അറ്റ്‌ലസ് രാമചന്ദ്രനെ കാണാന്‍ സഹായിച്ചത്. കൈരളി ടി വിയില്‍ മാധ്യമ വിചാരം അവതരിപ്പിച്ച കാലം മുതലുള്ള ബന്ധമായിരുന്നു ഇരുവരും തമ്മില്‍. മറ്റൊരു സ്വര്‍ണ വ്യാപാരിക്കും കിട്ടാത്ത സ്‌നേഹം മലയാളികള്‍ രാമചന്ദ്രന് നല്‍കിയിരുന്നു.

രാമചന്ദ്രന്റെ സ്വതസിദ്ധമായ നര്‍മ്മവും നിഷ്‌കളങ്കമായ പെരുമാറ്റവും
അക്ഷര ശ്ലോകത്തോടുള്ള കമ്പവുമെല്ലാം മലയാളികള്‍ ഏറെ ഇഷ്ടപെട്ടിരുന്നു. മലയാളികളുടെ ആ ഇഷ്ടം അദ്ദേഹം ആസ്വദിച്ചിരുന്നതായും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *