ജയ് ഹോ’ ചിട്ടപ്പെടുത്തിയത് എ.ആര്‍.റഹ്‌മാന്‍ അല്ല,പക്ഷേ: വെളിപ്പെടുത്തി രാം ഗോപാല്‍ വര്‍മ.

    എ.ആര്‍.റഹ്‌മാന് ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി ലോകോത്തര പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ 'ജയ് ഹോ' പാട്ട് യഥാര്‍ഥത്തില്‍ അദ്ദേഹം കംപോസ് ചെയ്തതല്ലെന്നു വെളിപ്പെടുത്തി രാം ഗോപാല്‍ വര്‍മ

.ആര്‍.റഹ്‌മാന് ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി ലോകോത്തര പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ പാട്ട് യഥാര്‍ഥത്തില്‍ അദ്ദേഹം കംപോസ് ചെയ്തതല്ലെന്നു വെളിപ്പെടുത്തി രാം ഗോപാല്‍ വര്‍മ. ഗായകന്‍ സുഖ്വിന്ദര്‍ സിങ് ആണ് പാട്ട് ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഫിലിം കമ്പാനിയനു നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ ഗുരുതര ആരോപണം ഉന്നയിച്ചത്. 2008ല്‍ സുഭാഷ് ഘായ്യുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ ‘യുവരാജ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്വിന്ദര്‍ സിങ് ആണ് പാട്ടിനു പിന്നില്‍. പാട്ടൊരുക്കുന്ന വേളയില്‍ റഹ്‌മാന്‍ ലണ്ടനിലായിരുന്നു. സുഭാഷ് ഘായ് ആകട്ടെ എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അദ്ദേഹം തിരക്ക് കൂട്ടിയതിനാല്‍ റഹ്‌മാന്‍ പാട്ട് ചിട്ടപ്പെടുത്താന്‍ സുഖ്വിന്ദറിനെ ഏല്‍പ്പിച്ചു. അങ്ങനെയാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്. എന്നാല്‍ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിര്‍മാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തില്‍ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിനു വേണ്ടി റഹ്‌മാന്‍ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു.

എന്നാല്‍ തന്നില്‍ നിന്നും കോടികള്‍ പ്രതിഫലം വാങ്ങിയ റഹ്‌മാന്‍, സുഖ്വിന്ദര്‍ ചിട്ടപ്പെടുത്തിയ ഈണമാണ് തനിക്കു നല്‍കിയതെന്നറിഞ്ഞപ്പോള്‍ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചു. എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നു ചോദിച്ചു കയര്‍ത്ത സംവിധായകന് മഹത്തായ മറുപടിയാണ് റഹ്‌മാന്‍ നല്‍കിയത്. ”സര്‍, നിങ്ങള്‍ എന്റെ പേരിനാണ് പണം നല്‍കുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാന്‍ അംഗീകരിച്ചാല്‍ അത് എന്റെ പേരില്‍ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോള്‍ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും. അത് എന്റെ പേരില്‍ വന്നാല്‍ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും” എന്നായിരുന്നു റഹ്‌മാന്റെ പ്രതികരണമെന്നു രാം ഗോപാല്‍ വര്‍മ പറഞ്ഞു.

2009ലാണ് ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്യണയര്‍’ പുറത്തിറങ്ങിയത്. ഗുല്‍സാര്‍, തന്‍വി എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാനരചന. എ.ആര്‍.റഹ്‌മാന്‍, സുഖ്വിന്ദര്‍ സിങ്, തന്‍വി, മഹാലക്ഷ്മി അയ്യര്‍, വിജയ് പ്രകാശ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. പാട്ടൊരുക്കുന്ന വേളയില്‍ കോവിഡ് ലോക്ഡൗണിനു സമാനമായ സാഹചര്യമായിരുന്നുവെന്നും താന്‍ ലണ്ടനിലും ഗാനരചയിതാക്കളും ഗായകരും മറ്റു പല ഇടങ്ങളിലുമായിരുന്നുവെന്നും റഹ്‌മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2009ല്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ‘ജയ് ഹോ’ ഓസ്‌കര്‍ നേടിയത്. ഇപ്പോള്‍ പാട്ടിനെക്കുറിച്ചുള്ള രാം ഗോപാല്‍ വര്‍മയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *