രാഹുൽ ഗാന്ധിയുടെ എതിർപ്പ് അദാനിയോടോ, അദാനിമാരെ സൃഷ്ടിക്കുന്ന നയത്തിനോടോ?

    65000 കോടി രൂപയുടെ നിക്ഷേപമെന്ന് കോട്ടാല്‍ ഏതെങ്കിലും മുഖ്യമന്ത്രിമാര്‍ക്ക് നിരസിക്കാന്‍ സാധിക്കുമോ എന്ന രാഹുലിന്റെ ചോദ്യത്തില്‍ രാഹുല്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സാമ്പത്തിക സമീപനം വ്യക്തമാകുന്നുണ്ട്. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നവരാണ് വിഡ്ഡികൾ.

ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ സഞ്ചരിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ഗൗതം അദാനിക്കെതിരെ അതിരൂക്ഷമായ ഒരു രാഷ്ട്രീയ പ്രതികരണം നടത്തിയത്. ഗൗതം അദാനിയുടെ വമ്പന്‍ ബിസിനസ്സ് സംരഭങ്ങളെ മോദി സര്‍ക്കാര്‍ സഹായിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന്റെ ആകെത്തുക. ഗൗതം അദാനി വിചാരിച്ചാല്‍ രാജ്യത്തെ ഏത് ബിസിനസ്സിനെയും കുത്തകവത്കരിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞുവച്ചിരുന്നു. അദാനിക്ക് ബിസിനസ് വളര്‍ത്താന്‍ ആരാണ് പണം നല്‍കുന്നതെന്ന ദു:സൂചനയുള്ള ചോദ്യവും രാഹുല്‍ ഉന്നയിച്ചിരുന്നു. ഭാരത് ജോഡോ യാത്ര കേരളത്തിന്റെ പാതിദൂരം പിന്നിടുന്ന ഘട്ടത്തിലായിരുന്നു രാഹുലിന്റെ ഈ അദാനിവരുദ്ധ-മോദി വിരുദ്ധ പ്രതികരണം വന്നത്. അതും കേരളത്തിലെ യു.ഡി.എഫാണ് യഥാര്‍ത്ഥ ഇടതുപക്ഷം എന്ന് ആവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തട്ടകമായ എറണാകുളത്ത് വച്ചായിരുന്നു രാഹുലിന്റെ പ്രതികരണം വന്നതെന്നും ശ്രദ്ധേയമാണ്. അദാനി നിര്‍മ്മിക്കുന്ന വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ശക്തമായ സമരങ്ങള്‍ രൂപപ്പെട്ടുവരുന്ന സമയത്ത് രാഹുല്‍ ഗാന്ധിയുടെ ഈയൊരു പ്രതികരണത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടായിരുന്നു.

ഇപ്പോള്‍ യാത്ര കേരള അതിര്‍ത്തി പിന്നിട്ട് കര്‍ണ്ണാടകയിലൂടെ പുരോഗമിക്കുകയാണ്. ഗൗതം അദാനിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നും അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് ലഭിച്ചിരിക്കുകയാണ്. ടീം രാഹുലിന്റെ ഗുഡ്ബുക്കില്‍ നിന്ന് പുറത്തായ അശോക് ഗഹ്ലോട്ടാണ് അദാനിയുടെ കച്ചവടതാല്‍പ്പര്യത്തെ അഭിനന്ദിച്ചത്. ഇന്‍വെസ്റ്റ് രാജസ്ഥാന്‍ 2022 സമ്മിറ്റില്‍ വച്ച് രാജസ്ഥാനില്‍ 65000 കോടി രൂപ മുതല്‍ മുടക്കാനുള്ള താല്‍പ്പര്യം അറിയിച്ചിരിക്കുകയാണ് ഗൗതം അദാനി. ബിസിനസ് വളര്‍ത്താന്‍ അദാനിക്ക് ആരാണ് പണം നല്‍കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഗൗതം അദാനി വെറും 65,000 കോടി രൂപ രാജസ്ഥാനില്‍ മുടക്കാമെന്ന് വാഗ്ദാനം നല്‍കുന്നത്.

രാഹുലിന്റെ തിയറി പ്രകാരമാണെങ്കില്‍ രാജ്യത്തെ ഏത് ബിസിനസ്സിനെയും കേന്ദ്രഭരണകൂടത്തിന്റെ സഹായത്തോടെ കുത്തകവത്കരിക്കുന്ന അദാനി രാജസ്ഥാനിലും അതേ താല്‍പ്പര്യവുമായി ഇറങ്ങിയെന്നാണല്ലോ മനസ്സിലാക്കേണ്ടത്. അദാനിയുടെ ബിസിനസ്സ് താല്‍പ്പര്യങ്ങളിലെ ഭരണകൂട ചങ്ങാത്തത്തെക്കുറിച്ച് ബോധ്യമുള്ള രാഹുല്‍ ഈ ഘട്ടത്തില്‍ എന്തായിരുന്നു പറയേണ്ടിയിരുന്നത്. സൈദ്ധാന്തികമായി രാഹുലിന് വിശദീകരിക്കാന്‍ ശേഷിയില്ലെങ്കില്‍ അതൊക്കെ വളരെ ഗംഭീരമായി വി.ഡി.സതീശന്‍ പറഞ്ഞു നല്‍കുകയും ചെയ്യുമായിരുന്നു. പക്ഷെ ഇതൊക്കെ സംഭവിക്കുന്നത് രാഹുല്‍ കേരള അതിര്‍ത്തി കടന്നതിന് ശേഷമാണ്. കര്‍ണ്ണാടക മറ്റൊരുഭൂമിയാണ്, അവിടെ രാഹുല്‍ മറ്റൊരു രാഹുലാണ്, ഒപ്പം നടക്കുന്നത് വി.ഡി സതീശനല്ല, ഡി.കെ.ശിവകുമാറാണ്. എന്തായാലും രാജസ്ഥാനില്‍ അദാനി മുതല്‍ മുടക്കിയതിനോട് രാഹുല്‍ പ്രതികരിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് എതിരല്ല കുത്തകകള്‍ക്കാണ് താന്‍ എതിരെന്നാണ് രാഹുലിന്റെ താത്വികഭാഷ്യം. കേരളത്തിലെ പതം പറച്ചില്‍ പ്രകാരം ആരായിരുന്നു ഈ കുത്തക, രാഹുലിന്റെ ഭാഷ്യത്തില്‍ അദാനി തന്നെയായിരുന്നു. നേരത്തെയും രാഹുല്‍ ഇത് ആവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ അദാനി രാജസ്ഥാനില്‍ പണം മുടക്കിയപ്പോള്‍ രാഹുലിനത് കോര്‍പ്പറേറ്റുകളുടെ നിഷ്‌കളങ്ക നിക്ഷേപമായി. അത് കുത്തകകളുടെ സ്വാര്‍ത്ഥതാല്‍പ്പര്യമായി രാഹുല്‍ കാണുന്നുമില്ല. അതിന് കാരണമായി പറയുന്നത് മോദിയെപ്പോലെ അദാനിയെ രാഷ്ട്രീയമായി ഗഹ്ലോട്ട് സഹായിക്കില്ല എന്നാണ്. മോദിയുടെ സഹായമുള്ള അദാനിക്ക് രാജസ്ഥാനില്‍ വിരല്‍കുത്താന്‍ അവസരം കിട്ടിയാല്‍ പിന്നെ എന്തിന് ഗഹ്ലോട്ടിന്റെ ഓശാരം എന്ന് രാഹുലിന്റെ നറുപടി കേട്ട ഒരുമാധ്യമപ്രവര്‍ത്തകര്‍ക്കും തോന്നിയതുമില്ല. രാഹുല്‍ കര്‍ണ്ണാടകയില്‍ നടത്തിയ പ്രസ്്താവനയില്‍ ഏറ്റവും പ്രധാനം അദ്ദേഹം കോര്‍പ്പറേറ്റുകള്‍ക്ക് എതിരല്ല എന്നതാണ്. അതായത് കോണ്‍ഗ്രസ് അവരുടെ സാമ്പത്തിക നയസമീപനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ഭാരത് ജോഡോ യാത്രയില്‍ ബി.ജെ.പിയുടെ തീവ്രവലതുപക്ഷ സാമ്പത്തിക സമീപനത്തിനെതിരായി എന്തെങ്കിലും സാമ്പത്തീക ബദല്‍ രാഹുല്‍ പറയുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്ക് കൂടി ഇനി കണ്ണുതുറന്നേക്കുക. രാജ്യത്തെ ജനങ്ങളുടെ ജീവിതപ്രതിസന്ധികള്‍ അനുദിനം രൂക്ഷമാകുന്ന കാലത്ത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് രാഷ്ട്രീയബദല്‍ മാത്രം പോര സാമ്പത്തിനയത്തിലും ഒരു ബദല്‍വേണ്ടതുണ്ട്. അതിനെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ വലതുപക്ഷ ബി ടീമാണ് എന്ന് കൂടിയാണ് രാഹുല്‍ ഓര്‍മ്മിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *