ഇന്ദ്രന്‍സ് വീണ്ടും സ്കൂളിലേക്ക് ;’അന്ന് പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു’

സേതുലക്ഷ്മി സി.എസ്

ലയാളികളെ അഭിനയത്തിൻെറ ചാരുതകൊണ്ട് വിസ്മയിപ്പിക്കുന്ന പ്രിയ നടൻ ഇന്ദ്രൻസ് ഇപ്പോൾ മലയാളികളെ തൻെറ ജീവിതം കൊണ്ട് വീണ്ടും വിസ്മയിപ്പിക്കുകയാണ്.തൻെറ 67ാം വയസിൽ വീണ്ടും പ‍ഠിക്കാൻ ഒരുങ്ങുകയാണ് താരം.മലയാളികൾക്ക് അന്നും ഇന്നും പ്രീയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്.ചെറിയ ചെറിയ കോമഡി വേഷങ്ങളിലൂടെയെത്തി, പിന്നീട് അഭിനയത്തിന്റെ പലതലങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടന്‍ കൂടിയാണ് ഇന്ദ്രന്‍സ്.

ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ഇന്ദ്രന്‍സ് പിന്നീട് തയ്യല്‍പണിയിലേക്കു തിരിഞ്ഞ് അതിലൂടെ പിന്നെ സിനിമയിലേക്കും എത്തി.പഠനം ഉപേക്ഷിച്ചെങ്കിലും വായനാശീലം ഒപ്പമുണ്ടായിരുന്നു.ആ വായനയാണു ജീവിതത്തെക്കുറിച്ച്‌ ഉള്‍ക്കാഴ്ചയുണ്ടാക്കിയതെന്നും, ആവശ്യത്തിന് പഠിത്തം ഇല്ലാത്തതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ ഉൾവലിയേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.ദാരിദ്ര്യം കാരണമാണ് പഠനം അവസാനിപ്പിക്കേണ്ടി വന്നത്.

എന്നാൽ ഇപ്പോൾ ഒരവസരം വന്നപ്പോൾ പാതിയിൽ ഉപേക്ഷിച്ച പഠനം വീണ്ടും ആരംഭിക്കണമെന്ന് തോന്നി.വേറൊന്നിനുമല്ല തൻെറ മനസിനെ സമാധാനിപ്പിക്കാനായെങ്കിലും എനിക്ക് പഠിച്ചേ തീരുവെന്ന് ഇന്ദ്രന്‍സ് പറയുന്നു.ഇപ്പോൾ പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് താരം.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്.10 മാസമാണ് പഠന കാലയളവ്.തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്.

‘വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നെന്നും ഇന്ദ്രന്‍സ് പറയുന്നു.ഹോം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഇന്ദ്രൻസിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഇന്ദ്രന്‍സിനെ തേടിയെത്തി. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടി.

Leave a Reply

Your email address will not be published. Required fields are marked *