എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണായി ഇ ഓഫീസ് വഴിയാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണായി ഇ ഓഫീസ് വഴിയാക്കുന്നു. കടലാസ് ഒഴിവാക്കി ഈ മാസത്തോടെ ഫയല്‍ നീക്കങ്ങള്‍ പൂര്‍ണമായും ഇ ഓഫീസ് വഴിയാക്കാനാണ് തീരുമാനം. ഇതിനായുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

സെക്രട്ടറിയേറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള ഫയല്‍നീക്കം പൂര്‍ണമായും ഇ ഓഫീസ് സംവിധാനത്തിലൂടെയാണ്. ഇത് വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായും ഇ ഓഫീസ് സംവിധാനം വഴിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയവും പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുകയാണ്. ഇ-ഓഫീസ് വഴിയുള്ള ആശയവിനിമയ സംവിധാനം പൂര്‍ണമായാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് ഫയലുകള്‍ കെട്ടിക്കിടക്കുന്ന രീതി ഒഴിവാകും.

ഓഫീസുകള്‍ തമ്മിലുള്ള കത്തിടപാടുകളും, ഉത്തരവുകള്‍, സര്‍ക്കുലര്‍, രസീതുകള്‍, ഫയല്‍ തുടങ്ങിയവയെല്ലാം ഇ ഓഫീസ് സംവിധാനത്തിലൂടെ അയക്കാം. നവബര്‍ 26ന് സെക്രട്ടറിയേറ്റ് മാനുവലില്‍ ഭേദഗതി വരുത്തിയാണ് സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കിയത്. ഫയല്‍ നീക്കം എളുപ്പമാക്കാനും ഫയല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും ഇതിലൂടെ സാധിച്ചു. അടുത്ത ഘട്ടമായി മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള നടപടിച്ചട്ടം ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ഭേദഗതി ചെയ്തു.

എല്ലാ ഓഫീസുകള്‍ക്കുമുള്ള ഇ- ഓഫീസ് സോഫ്റ്റ് വെയര്‍ ലഭ്യമാക്കിയത് കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ആണ്. ഈ മാസത്തോടെ ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള സാങ്കേതിക സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കാന്‍ ചീഫ് സെക്രട്ടറി വി പി ജോയ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഫയല്‍ നീക്കം പൂര്‍ണമായും ഓണ്‍ ലൈന്‍ സംവിധാനത്തിലാകുന്നതോടെ പൊതുജന പ്രശ്‌നപരിഹാരവും ഓണ്‍ലൈന്‍ ആകും. ഫയല്‍നീക്കം പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി അറിയാനുള്ള സൗകര്യവും ഒരുങ്ങുന്നുണ്ട്. രണ്ടാഴചയോളം സമയമെടുത്തിരുന്ന ഫയല്‍ നീക്കങ്ങള്‍ അഞ്ചുമിനിട്ടില്‍ സാധ്യമാകും എന്നതാണ് ഇ ഓഫീസ് സംവിധാനത്തിന്റെ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *