85 സിപിഐഎം അനുഭാവികള്‍ക്ക് ധനകാര്യ വകുപ്പില്‍ പിന്‍വാതില്‍ നിയമനം

ധനകാര്യ വകുപ്പില്‍ പിന്‍വാതില്‍ നിയമനം. 85 സിപിഐഎം അനുഭാവികള്‍ക്കാണ് ധനകാര്യ വകുപ്പില്‍ പിന്‍വാതില്‍ നിയമനം നല്‍കിയിട്ടുള്ളത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി 2021 മെയ് മാസത്തിനു ശേഷം ധനകാര്യ വകുപ്പില്‍ വന്‍ ശമ്പളത്തില്‍ കടന്ന് കൂടിയത് 85 ജീവനക്കാര്‍. താല്‍ക്കാലിക, കരാര്‍, ദിവസ വേതന വ്യവസ്ഥയിലാണ് ഇവരുടെ നിയമനം. ഇവര്‍ക്ക് ഒരു മാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് 21.26 ലക്ഷം. ഒരു വര്‍ഷം ഇവര്‍ക്ക് മാത്രം ശമ്പളം കൊടുക്കാന്‍ വേണ്ടത് 2.55 കോടി.

ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, പ്യൂണ്‍, ഐ.റ്റി. അസിസ്റ്റന്റ്, ഇലക്ട്രിഷന്‍, ഗാര്‍ഡനര്‍, ടൈപ്പിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍, ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ , ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ്, പ്രോഗ്രാമര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ്, ഐ.റ്റി സപ്പോര്‍ട്ട് സ്റ്റാഫ്, പ്രൊജക്ട് മാനേജര്‍, ക്രെഡിറ്റ് / അക്കൗണ്ട്‌സ് എക്‌സിക്യൂട്ടിവ് എന്നീ തസ്തികകളിലാണ് 85 പേരെ നിയമിച്ചത്.

പത്ര പരസ്യം നല്‍കി ലഭിച്ച അപേക്ഷകളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച് എഴുത്ത് പരീക്ഷ നടത്തി അതില്‍ നിശ്ചിത മാര്‍ക്ക് ലഭ്യമായവരില്‍ നിന്നാണ് നിയമനം നടത്തിയത് എന്നാണ് ബാലഗോപാല്‍ നിയമസഭയില്‍ 2023 ഫെബ്രുവരി 2 രേഖാമൂലം മറുപടി നല്‍കിയത്. ഒരു നിയമനവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തിയതല്ല എന്നും ബാലഗോപാല്‍ നിയമസഭ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു വശത്ത് സാമ്പത്തിക പ്രതിസന്ധിയുടെപേരില്‍ ജീവനക്കാരുടെ ഡി.എ യും ലീവ് സറണ്ടറും തടഞ്ഞ് വയ്ക്കുമ്പോള്‍ തന്നെയാണ് ലക്ഷങ്ങള്‍ ശമ്പളത്തില്‍ പിന്‍വാതില്‍ നിയമനം നല്‍കുന്നത് എന്ന ആരോപണമാണ് ധനവകുപ്പിനെതിരെ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *