7100.32 കോടി റവന്യൂ കുടിശിക 5 വർഷമായി പിരിച്ചിട്ടില്ല; സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോർട്ട്. ഇതിൽ 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശികയും ഉൾപ്പെടുന്നു. 2019–2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്.

മൊത്തം കുടിശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്. ആകെ കുടിശികയിൽ 6422.49 കോടി സർക്കാരിൽനിന്നും സർക്കാർ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കാൻ ബാക്കി നിൽക്കുന്നതാണ്. കുടിശിക പിരിച്ചെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല. കുടിശിക പിരിച്ചെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നില്ല. എഴുതി തള്ളുന്നതിനായി സർക്കാരിലേക്ക് അയച്ച 1,905 കോടിയുടെ കേസിലും തുടർനടപടി സ്വീകരിച്ചിട്ടില്ല.

സ്റ്റേകൾ കാരണം 6,143 കോടി പിരിച്ചെടുക്കാൻ ബാക്കിയാണ്. ഇത് മൊത്തം കുടിശിക തുകയുടെ 32.79 ശതമാനമാണ്. സ്റ്റേ ഒഴിവാക്കി തുക പിരിച്ചെടുക്കാൻ വകുപ്പുകൾ നടപടി സ്വീകരിക്കണം. വകുപ്പുകൾ ബാക്കി നിൽക്കുന്ന കുടിശികയുടെ ഡേറ്റാ ബാങ്ക് തയാറാക്കണമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *